സംസ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട 83 പ്രവൃത്തികൾക്ക് 45 ദിവസത്തിനകം ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പ് ചരിത്രമെഴുതി. റോഡ്, പാലം . വിഭാഗങ്ങളിലായി 234.86 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയത്. ഭരണാനുമതി ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചു.
82 റോഡ് പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. 234.36 കോടി രൂപയുടെ പ്രവൃത്തികൾ നിരത്തു വിഭാഗത്തിനു കീഴിൽ വരുന്നതാണ്. പാലം വിഭാഗത്തിനു കീഴിൽ 50 ലക്ഷം രൂപയുടെ ഒരു പ്രവൃത്തിക്കും അനുമതി നൽകി. അതോടൊപ്പം 7.51 കോടി രൂപയുടെ രണ്ട് പാലം പ്രവൃത്തികൾക്കും 50 ലക്ഷം രൂപയുടെ ഒരു കെട്ടിട നിർമ്മാണ പ്രവൃത്തിക്കും ഭരണാനുമതി നൽകിയിട്ടുണ്ട്.
198.69 കോടി രൂപയുടെ 26 പ്രവൃത്തികൾ ധനകാര്യ വകുപ്പിന്റെ പരിശോധനക്കും കൈമാറി. 20 റോഡ് പ്രവൃത്തിയും 6 പാലം പ്രവൃത്തിയുമാണ് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറിയത്.
സംസ്ഥാനത്ത് പൊതുമരാമത്ത് പദ്ധതികൾക്ക് പ്രവൃത്തി കലണ്ടർ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു . ബജറ്റിൽ പ്രഖ്യാപിച്ച ഇൻവെസ്റ്റിഗേഷൻ ആവശ്യമില്ലാത്ത 20 ശതമാനം വിഹിതമുള്ള പ്രവൃത്തികൾക്ക് ജൂൺ മാസത്തിനകം ഭരണാനുമതി ലഭ്യമാക്കാനും നിർദശിച്ചിരുന്നു. ഇതുപ്രകാരം സമർപ്പിച്ച എസ്റ്റിമേറ്റുകൾ പരിശോധിച്ചാണ് 234.36 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നത്. ഒരു വർഷം പ്രഖ്യാപിക്കുന്ന , സ്ഥലം ഏറ്റെടുക്കലും ഇൻവെസ്റ്റിഗേ ഷനും ആവശ്യമില്ലാത്ത, പ്രവൃത്തികൾ ആ വർഷം തന്നെ ആരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.
സാങ്കേതിക അനുമതിക്കും ടൈം ലൈൻ : മന്ത്രി
ഇപ്പോൾ ഭരണാനുമതി നൽകിയ പ്രവൃത്തികൾക്ക് നിശ്ചിത സമയത്തിനകം സാങ്കേതിക അനുമതി നൽകാൻ നിർദ്ദേശം നൽകിയിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൂടുതൽ പദ്ധതികൾ ഉള്ള നിരത്ത് വിഭാഗത്തിൽ ഇതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. കൃത്യമായി പ്രവൃത്തികൾ ആരംഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.