കാസർഗോഡ്: പൊതുജനാരോഗ്യത്തില്‍ ചരിത്രപരമായ വികസനമാണ് ആര്‍ദ്രം മിഷനിലൂടെ നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗി സൗഹൃദം ഉറപ്പാക്കിയും സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം മിഷന്‍ ആരംഭിച്ചത്്.
കോവിഡ് പശ്ചാത്തലത്തില്‍ വലിയ ആശുപത്രികള്‍ കോവിഡ് ആശുപത്രികളായി മാറിയപ്പോള്‍ കോവിഡ് ഇതര ചികിത്സയ്ക്ക് ഉപകാരപ്പെട്ടത് നാട്ടുമ്പുറത്തെ നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്.
തദ്ദേശ സ്വയംഭരണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരും മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ബഹുജനങ്ങളുടെയും കൂട്ടായ്മയുടെ ഫലമാണ് നമ്മുടെ ഗ്രാമീണ മേഖലയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.