തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്- സതേണ്‍ റീജിയണ്‍ (എഫ്‌ഐഇഒ, എസ്ആര്‍) ഏര്‍പ്പെടുത്തിയ റീജിയണല്‍ എക്‌സ്‌പോര്‍ട്ട് പുരസ്‌കാരങ്ങളിലെ ഗോള്‍ഡ് വിഭാഗത്തില്‍ കേരളത്തിലെ മികച്ച എക്‌സ്‌പോര്‍ട്ടറായി എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിനെ തെരഞ്ഞെടുത്തു. 2015-16 വര്‍ഷത്തില്‍ 130 കോടി രൂപയുടെ കയറ്റുമതി എച്ച്എല്‍എല്‍ രേഖപ്പെടുത്തിയിരുന്നു.
കേന്ദ്ര വാണിജ്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനില്‍നിന്ന് എച്ച്എല്‍എല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ശ്രീ. രാജശേഖര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ചെന്നൈ ഗിണ്ടി ഹോട്ടല്‍ ലെ റോയല്‍ മെറീഡിയനില്‍ നടന്ന എഫ്‌ഐഇഒ സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ചായിരുന്നു പുരസ്‌കാര വിതരണം.ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴില്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ഗര്‍ഭനിരോധന ഉപാധികളായ കോണ്ടം, ഇന്‍ട്രാ-യുട്ടെറീന്‍ ഉപകരണങ്ങള്‍, ഗര്‍ഭനിരോധന ഗുളികകള്‍, രക്തശേഖരണ ബാഗുകള്‍, ഓട്ടോ ഡിസേബ്ള്‍ സിറിഞ്ചുകള്‍, വിട്രോ-ഡയഗ് നോസ്റ്റിക് ടെസ്റ്റ് കിറ്റുകള്‍, ഷണ്ട്, സാനിറ്ററി നാപ്കിന്‍ എന്നിങ്ങനെ ആരോഗ്യപരിപാലന ഉത്പ്പന്നങ്ങളുടെ ഒരു ശ്രേണി നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നുണ്ട്.
കയറ്റുമതിയില്‍ എച്ച്എല്‍എല്ലിന്റെ സംഭാവനയ്ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീ. രാജശേഖര്‍ പറഞ്ഞു. കയറ്റുമതി ഇനിയും ഉയര്‍ത്തുന്നതിന് ഈ പുരസ്‌കാരം പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ ഗാംബിയ, ബുര്‍കിന ഫാസോ എന്നീ രാജ്യങ്ങളിലേക്കും കരീബിയന്‍ ദ്വീപുകളിലെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേയ്ക്കുമായി 13 ലക്ഷം ഫീമെയില്‍ കോണ്ടത്തിനായുള്ള ആദ്യ മൊത്ത ഓര്‍ഡര്‍ ഈ വര്‍ഷമാദ്യം എച്ച്എല്‍എല്ലിന് ലഭിച്ചിരുന്നു. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന കയറ്റുമതി വിപണികള്‍.
68 രാജ്യങ്ങളിലേക്ക് മൂഡ്‌സ് ഗര്‍ഭനിരോധന ഉറകളും 50 രാജ്യങ്ങളിലേക്ക് ബ്ലഡ് ബാഗും കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.