തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനു കീഴിലുള്ള ഹിന്ദ് ലാബ്‌സിന്റെ സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാരും എച്ച്എല്‍എല്ലും തമ്മില്‍ കരാറിലേര്‍പ്പെട്ടു. ഗുണനിലവാരമുള്ള ലബോറട്ടറി പരിശോധനാ സംവിധാനങ്ങള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിനാണ് ഈ കരാര്‍. ഇതിലെ വ്യവസ്ഥയനുസരിച്ച്, മഹാരാഷ്ട്രയിലെ 33 ജില്ലകളിലായി 100 ഹിന്ദ് ലാബുകള്‍ തുടങ്ങും. ഡിഎച്ച്എസിനു കീഴിലുള്ള 2300 സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്ക് എച്ച്എല്‍എല്ലിന്റെ പരിശോധനാ സംവിധാനത്തെ ആശ്രയിക്കാന്‍ കഴിയും. 90 ദിവസത്തിനുള്ളില്‍ ഈ ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
രോഗികളില്‍നിന്നു പരിശോധനാ സാംപിള്‍ ശേഖരിക്കുന്നതു മുതല്‍ പരിശോധനയും റിപ്പോര്‍ട്ടുകളുമെല്ലാം കംപ്യൂട്ടര്‍ശൃംഖലയിലൂടെ നിയന്ത്രിക്കും. പരിശോധനയുടെയും പരിശോധനാഫലങ്ങളുടെയും തല്‍സ്ഥിതിയും കംപ്യൂട്ടര്‍ വഴി അറിയാന്‍ സംവിധാനമുണ്ടാകും.
സംസ്ഥാനത്തെ ആരോഗ്യസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ മിഷനു കീഴിലുള്ള മുംബൈ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസും(ഡിഎച്ച്എസ്) സംസ്ഥാന ആരോഗ്യ സൊസൈറ്റി(എസ്എച്ച്എസ്)യുമായാണ് എച്ച്എല്‍എല്‍ കരാര്‍ ഒപ്പുവച്ചത്. എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ ആര്‍.പി. ഖണ്‌ഡേല്‍വാല്‍ എസ്എച്ച്എസ് എംഡിയും കമ്മീഷണറുമായ ഡോ. പ്രദീപ് വ്യാസ്, ഡിഎച്ച്എസ് ഡയറക്ടര്‍ ഡോ. സതീഷ് പവാര്‍ എന്നിവര്‍ മുംബൈ ആരോഗ്യഭവനില്‍ നടന്ന ചടങ്ങില്‍ കരാറില്‍ ഒപ്പിട്ടു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഗുണനിലവാരമുള്ള, ചെലവു കുറഞ്ഞ ലബോറട്ടറി പരിശോധനാ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ഹിന്ദ് ലാബ്‌സ്. പദ്ധതിയിലൂടെ മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമങ്ങളിലുള്ള നിര്‍ധനരായ ജനങ്ങള്‍ക്ക് ലാബ് പരിശോധനാസംവിധാനങ്ങളുടെ സേവനം ഉറപ്പാക്കാന്‍ കഴിയുമെന്ന് എച്ച്എല്‍എല്‍ സിഎംഡി ഡോ. ഖണ്‌ഡേല്‍വാല്‍ പറഞ്ഞു. അത്യന്താധുനിക ഉപകരണങ്ങളും യോഗ്യരായ ജീവനക്കാരും കംപ്യൂട്ടര്‍ നിയന്ത്രിത പരിശോധനാ സംവിധാനങ്ങളും ലാബോറട്ടി പരിശോധനകളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
ഗ്രാമീണ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. ഇത്തരം കേന്ദ്രങ്ങള്‍ക്കു സമീപം എല്ലാ സംവിധാനങ്ങളുമുള്ള ലാബ് തുറക്കുമ്പോള്‍ ഗുണനിലവാരമുള്ള ആരോഗ്യപരിശോധനകള്‍ ഉറപ്പാക്കാന്‍ കഴിയുമെന്നും ശ്രീ. ഖണ്‌ഡേല്‍വാല്‍ പറഞ്ഞു.
ദേശീയ ആരോഗ്യമിഷനുമായി ചേര്‍ന്ന് അസം, കേരളം, ഒഡീഷ സംസ്ഥാനങ്ങളിലും സമാന പദ്ധതികള്‍ ആരംഭിക്കാനൊരുങ്ങുകയാണ് എച്ച്എല്‍എല്‍. നൂറിലേറെ രോഗനിര്‍ണയ പരിശോധനകള്‍ക്കാണ് ഹിന്ദ് ലാബുകളില്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ വിദഗ്ധ പരിശോധകള്‍ക്കെല്ലാം മറ്റു സ്വകാര്യ ലാബുകളിലേതിനെക്കാള്‍ നിരക്ക് കുറവുമാണ്.