സര്‍ക്കാര്‍ പദ്ധതിക്കായി തലസ്ഥാനജില്ലയിലെ 150 സ്‌കൂളുകളില്‍ എച്ച്എല്‍എല്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നു

203

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ജില്ലയിലെ 150 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ വെന്‍ഡിഗോ സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, സാനിട്ടറി നാപ്കിന്‍ ഇന്‍സിനറേറ്ററുകള്‍ എന്നിവ സ്ഥാപിക്കും. നവംബര്‍ 22 ചൊവ്വാഴ്ച്ച മൂന്നുമണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, ശ്രീ. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെ. മധു, എച്ച്എല്‍എല്‍ സിഎംഡി ശ്രീ. ആര്‍.പി. ഖണ്ടേല്‍വാല്‍ എന്നിവര്‍ പങ്കെടുക്കും.

എച്ച്എല്‍എല്ലിന്റെ കനഗല ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഹാപ്പി ഡെയ്‌സ് എന്ന സാനിറ്ററി നാപ്കിനുകളാണ് വെന്‍ഡിഗോയിലൂടെ ലഭിക്കുക. ദിവസത്തില്‍ ഏതു സമയത്തും മൂന്ന് നാപ്കിനുകള്‍ അടങ്ങുന്ന പാക്കറ്റ് വെന്‍ഡിഗോയില്‍ നാണയമിട്ട് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കും. ഉപയോഗിച്ച നാപ്കിനുകള്‍ സുരക്ഷിതവും പ്രകൃതിസൗഹാര്‍ദപരവുമായി നിര്‍മാര്‍ജനം ചെയ്യുന്നതിനായി ഇന്‍സിനറേറ്ററുകളും മെഷീനുകള്‍ക്കൊപ്പം സജ്ജീകരിക്കുന്നുണ്ട്. പാലോട്, നെടുമങ്ങാട്, വിതുര, നെയ്യാറ്റിന്‍കര, കാട്ടാക്കട, വെങ്ങാന്നൂര്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, ബാലരാമപുരം, പാറശ്ശാല, ആര്യനാട് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്‌കൂളുകളിലാണ് വെന്‍ഡിഗോ മെഷീനുകള്‍ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ ഇതിനോടകം തന്നെ കോളജുകള്‍, ഓഫിസുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിങ്ങനെ സ്ത്രീകള്‍ ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ ഇരുന്നൂറോളം സ്ഥലങ്ങളില്‍ വെന്‍ഡിഗോ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ഏജീസ് ഓഫിസ്, സെന്‍ട്രല്‍ എക്‌സൈസ് ഓഫീസ്, പൊതുമരാമത്ത് ഓഫീസുകള്‍, ടെക്‌നോപാര്‍ക്കിലെ ചില കമ്പനികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, നഗരസഭ, കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ എന്നിവ ഇതില്‍ പെടും. കൊച്ചി നേവല്‍ ബേസ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, കേരള ഹൈക്കോടതി തുടങ്ങി കേരളത്തിലെ ഇതര കേന്ദ്രങ്ങളിലും 500 വെന്‍ഡിഗോ മെഷീനുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്..
എച്ച്എല്‍എല്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്വച്ച് ഭാരത് അര്‍ബന്‍-റൂറല്‍ നഗര വികസന പദ്ധതിയും കുടിവെള്ള, ശുചിത്വ മന്ത്രാലയവും അംഗീകരിച്ചിട്ടുള്ളതുമാണ്.

സ്ത്രീകളുടെ ആരോഗ്യത്തിനും ശുചിത്വ പരിപാലനത്തിനും നാപ്കിനുകള്‍ അത്യാവശ്യമാണെങ്കിലും ഇതര വികസ്വര രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നാപ്കിന്‍ ഉപയോഗം കുറവാണെന്ന് എച്ച്എല്‍എല്‍ സിഎംഡി ശ്രീ ആര്‍.പി. ഖണ്ഡേല്‍വാല്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ കടകളില്‍നിന്ന് ഇവ വാങ്ങാന്‍ മടിക്കുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണ്. ആര്‍ത്തവശുചിത്വത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും ഗുണമേന്‍മയുള്ള നാപ്കിനുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും എച്ച്എല്‍എല്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച്എല്‍എല്ലിന്റെ സന്നദ്ധസംഘടനയായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് രാജ്യത്തെമ്പാടും ആര്‍ത്തവ ശുചിത്വ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പദ്ധതികള്‍ക്ക് നാപ്കിനുകള്‍ വിതരണം ചെയ്യുന്നതും എച്ച്എല്‍എല്‍ ആണ്. 400 ദശലക്ഷം നാപ്കിനുകളാണ് എച്ച്എല്‍എല്ലിന്റെ കനഗല ഫാക്ടറിയില്‍ പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്. കേരളത്തിന് പുറമേ ന്യൂഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും വെന്‍ഡിഗോ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗര്‍ഭനിരോധന ഉറകളുടെ ഉല്പാദനത്തിനു മാത്രമായി 1966ല്‍ തുടക്കമിട്ട എച്ച്എല്‍എല്‍ പിന്നീട് ബ്ലഡ് ബാഗുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, കോപ്പര്‍ ടി, സര്‍ജിക്കല്‍ സ്യുച്ചര്‍, പരിശോധനാ കിറ്റുകള്‍, നാപ്കിനുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കി. ഹിന്ദ്‌ലാബ്‌സ്, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ്, എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ്, അമൃത് തുടങ്ങിയ റീട്ടെയില്‍ സ്ഥാപനങ്ങളും ചികിത്സാമേഖലയില്‍ എച്ച്എല്‍എല്‍ നടത്തുന്നു.
ഹൈറ്റ്‌സ്, എച്ച്ബിഎല്‍, ജിപിഎല്‍, എച്ച്എല്‍എഫ്പിപിടി, എച്ച്എംഎ, ലൈഫ്‌സ്പ്രിംഗ് ഹോസ്പിറ്റല്‍സ് എന്നീ ആറ് സ്ഥാപനങ്ങളാണ് എച്ച്എല്‍എല്‍ കൂടാതെ, സുവര്‍ണജൂബിലി ആഘോഷിക്കുന്ന എച്ച്എല്‍എല്‍ ഗ്രൂപ്പിലുള്ളത്.

NO COMMENTS

LEAVE A REPLY