താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണം: മുഖ്യമന്ത്രി

132

തിരുവനന്തപുരം : സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുന്നവർക്ക് ജീവനോപാധിക്കുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ വിദ്യാർത്ഥികൾക്ക് പാർട്ട്ടൈം ജോലി ചെയ്യാനുള്ള അവസരവും ചർച്ചയായി. പാർട്ട് ടൈം ജോലി നയമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ നമ്മുടെ മിക്ക വിദ്യാലയങ്ങളിലും പഠനം രാവിലെ മുതൽ വൈകിട്ടു വരെയാണ്. എന്നാൽ രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ പഠന സമയമുള്ള ചില വിദ്യാലയങ്ങളുമുണ്ട്. അങ്ങനെയാകുമ്പോൾ പഠിക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനൊപ്പം പാർട്ട് ടൈം ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും സാധിക്കും.

പഠന സമയക്രമം ഈ വിധത്തിലാക്കുന്നത് സമൂഹം ചർച്ച ചെയ്യട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൈപുണ്യ വികസന പരിശീലനം നൽകണം. തദ്ദേശസ്ഥാപനങ്ങളിലെ ആയിരം പേർക്ക് അഞ്ച് തൊഴിൽ എന്ന പുതിയ പദ്ധതി ഏപ്രിൽ മുതൽ ആരംഭിക്കുകയാണ്. ഇതിൽ ലൈഫ് പദ്ധതിയിലുള്ളവരെ ഉൾപ്പെടുത്തി തൊഴിൽ നൽകാനാവും.

വിവിധ വകുപ്പുകൾ നേരത്തെ മുതൽ വീടുകൾ വച്ച് നൽകിയിരുന്നു. ഈ പദ്ധതികളെല്ലാം ഒന്നാക്കിയാണ് ലൈഫ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിൽ കേന്ദ്ര സഹായവും പ്രയോജനപ്പെടുത്തി. വീട് നിർമാണത്തിൽ നാട് മുഴുവൻ ഭാഗമായി മാറണമെന്നാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇത്തരം ഒരുമയും കൂടിച്ചേരലും നമ്മുടെ സമൂഹത്തിൽ മുൻപുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അത് നഷ്ടപ്പെട്ടു. ലൈഫ് പദ്ധതിയിൽ ഈ കൂട്ടായ്മ വീണ്ടും ഉണ്ടായി.

ലൈഫ് പദ്ധതിയിൽ നിലവിൽ ഉൾപ്പെടാതിരുന്ന അർഹരായവരെ ചേർത്ത് അടുത്ത ഘട്ടത്തിൽ പുതിയ ലിസ്റ്റ് തയ്യാറാക്കും. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലൈഫ് പദ്ധതിക്കായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. എല്ലാവർക്കും വീട് നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് ഗുണഭോക്താക്കളെ എല്ലാ രീതിയിലും ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. കെട്ടിട സമുച്ചയത്തിൽ വ്യത്യസ്ത ചുറ്റുപാടിൽ കഴിഞ്ഞ കുടുംബങ്ങളാണ് കഴിയുക. അവർ വിപുലമായ ഒരു കുടുംബമായി മാറണം. അവരിൽ ഐക്യവും മൈത്രിയും ഉണ്ടാവുന്നതിന് സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉണ്ടാവണം.
ലൈഫ് പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടം പൂർത്തിയായതോടെ രണ്ടു ലക്ഷം പേർക്കാണ് സ്വന്തം വീടായത്. മൂന്നാം ഘട്ടത്തിൽ വീടും സ്ഥലവും സ്വന്തമായില്ലാത്തവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പുറമ്പോക്കുകളിൽ കഴിയുന്നവരും പെടും. കെട്ടിട സമുച്ചയങ്ങളിൽ ചിലതിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ മൂന്നാം ഘട്ടം പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജോൺ ബ്രിട്ടാസ് പരിപാടിയുടെ അവതാരകനായിരുന്നു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് ശോഭാകുമാരി, ലൈഫ് പദ്ധതിയിൽ ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ കടയ്ക്കൽ അബ്ദുള്ള, നടനും സംവിധായകനുമായ മധുപാൽ, പാർപ്പിടനയ വിദഗ്ധൻ ഡോ. ജി. ഗോപിക്കുട്ടൻ, സാമൂഹ്യ ശാസ്ത്രജ്ഞ എസ്. മീന, കോസ്റ്റ്ഫോർഡ് ജോയിന്റ് ഡയറക്ടർ പി. ബി. സാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുത്ത ലൈഫ് ഗുണഭോക്താക്കളും സന്നിഹിതരായിരുന്നു.

NO COMMENTS