ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

109

കാസറകോട്: ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കിയ നവവര്‍ഷ കലണ്ടര്‍ വാങ്ങിയാല്‍ രണ്ടുണ്ട് കാര്യങ്ങള്‍- ദിവസങ്ങളറിയുന്ന തിനൊപ്പം ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങളെ പരിചയപ്പെടുകയുമാകാം.പുകവലി, മദ്യപാനം, മയക്കു മരുന്ന് എന്നിവയില്‍ നിന്ന് മുക്തി നേടുന്നതിന് ചികിത്സയും കൗണ്‍സിലിങും കിടത്തി ചികിത്സയും നല്‍കുന്ന പുനര്‍ജ്ജനി, വന്ധ്യതാ നിവാരണ പരിപാടി ജനനി, കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യ നിവാരണ പദ്ധതിയായ സദ്ഗമയ, മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ചികിത്സയും കൗണ്‍സിലിങും നല്‍കുന്ന സീതാലയം, ജീവിതശൈലീ രോഗങ്ങള്‍ക്ക് സമഗ്ര ചികിത്സ ഉറപ്പു വരുത്തുന്ന ആയുഷ്മാന്‍ ഭവ, കിടപ്പ് രോഗികള്‍ക്കുള്ള സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതി ചേതന, ഒ.പി സേവനങ്ങള്‍,മുതിര്‍ന്ന പൗരന്മാരുടെ വയോജന പരിപാലന കേന്ദ്രം, പകര്‍ച്ച വ്യാധി നിയന്ത്രണത്തിനായുള്ള ദ്രുത കര്‍മ്മ സേന റീച്ച്, മറ്റ് ഹോമിയോപ്പതി സേവനങ്ങള്‍ തുടങ്ങിയവ യെല്ലാം ആലേഖനം ചെയ്ത പുതിയ കലണ്ടറാണ് ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കിയത്.

ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവവര്‍ഷ കലണ്ടര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപ നങ്ങളിലും വിതരണം ചെയ്യും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും , ഗ്രാമപഞ്ചായത്തുകള്‍ അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും , ഗവ.ഗസ്റ്റ് ഹൗസുകളിലെ മുഴുവന്‍ മുറികളിലും ഇനി കലണ്ടര്‍ ഇടം പിടി ക്കും. ഹോമിയോപ്പതി വകുപ്പിന്റെ വിവിധ പദ്ധതികളെപ്പറ്റിയും ജില്ലയിലെ വിവിധ ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍, നല്‍കുന്ന സേവനങ്ങള്‍ എന്നിവയെപ്പറ്റി പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് ഉതകുന്ന രീതിയിലാണ് ഈ കലണ്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. കെ രാമസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബഹുവര്‍ണ കലണ്ടറില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.’പ്രാഥമിക ചികിത്സ ഹോമിയോപ്പതിയിലൂടെ’ എന്ന മുദ്രാവാക്യം എല്ലാ പേജുകളിലും പതിച്ചിരിക്കുന്ന കലണ്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ എം എല്‍ എ കെ. കുഞ്ഞിരാമന്‍ എം എല്‍ എ എം.സി.കമറുദ്ദീന് നല്‍കി പ്രകാശനം ചെയ്തു. ഹോമിയോപ്പതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സമഗ്രമായി ലഭ്യമാവുന്ന പുതിയ കലണ്ടര്‍ ഒരു വര്‍ഷക്കാലം പ്രകാശം ചൊരിഞ്ഞുകൊണ്ട് നിലനില്‍ക്കും എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

NO COMMENTS