തൃശൂർ : നവംബർ ഒന്നിനകം കുതിരാനിലെ ദേശീയ പാതിയിലെ കുഴികൾ അടയ്ക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. നവബംർ ഒന്നു മുതൽ പ്രൈവറ്റ് ബസ് ഓണേഴ്‌സ് പ്രതിനിധികൾ ആഹ്വാനം ചെയ്ത ബസ് സമരത്തിൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.
അടിയന്തിരമായി ടെണ്ടർ കരാറുക്കാരന് കൈമാറുമെന്നും ആദ്യഘട്ടമെന്ന നിലയിൽ 4 കി.മീ പരിധിയിലെ കുഴികൾ അടച്ച് ടാറിങ്ങ് ഉൾപ്പെടെയുളള പണികൾ പൂർത്തീകരിക്കുമെന്നും കളക്ടർ ബസ് ഉടമ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. മഴ മാറിയാലുടൻ ടാറിങ്ങ് തുടങ്ങുമെന്നും കളക്ടർ അറിയിച്ചു. രണ്ട് ദിവസത്തിനുളളിൽ പണികൾ ആരംഭിച്ചാൽ ബസ് സമരത്തിൽ നിന്നും പിൻമാറുമെന്ന് ബസ് ഉടമ പ്രതിനിധികൾ അറിയിച്ചു.
സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ ഉളള ഏർപ്പാടുകൾ ഉടനടി കൈക്കൊളളുമെന്നും നാഷണൽ ഹൈവേ അതോറിറ്റി പ്രതിനിധിയുമായി ഇന്നു തന്നെ സ്ഥലം പരിശോധിച്ച് വേണ്ടുന്ന നടപടികൾ എടുക്കുമെന്നും കളക്ടർ പറഞ്ഞു. തൽക്കാലം ക്വാറി വേസ്റ്റിട്ട് കുഴികൾ നികത്തി. നിരത്ത് ഗതാഗതയോഗ്യമാക്കുമെന്നും കളക്ടർ ഉറപ്പു നൽകി. ബസ് ഉടമ പ്രതിനിധികൾ, പീച്ചി-മണ്ണുത്തി പോലീസ് സ്റ്റേഷൻ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.