തൃശൂർ : കുതിരാൻ ദേശീയപാതയിലെ അറ്റകുറ്റപണികൾ അടിയന്തിരമായി തുടങ്ങുമെന്നും അതിനാൽ നവംബർ ഒന്നു മുതൽ നടത്താനിരുന്ന ബസ് സമരത്തിൽ നിന്നും പിൻമാറണമെന്നും ബസ് ഉടമ പ്രതിനിധികളോട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അഭ്യർത്ഥിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ കളക്ടർ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മഴയില്ലെങ്കിൽ കുഴികൾ അടച്ച് രണ്ട് ദിവസത്തിനകം തന്നെ ടാറിങ്ങ് പ്രവർത്തനങ്ങൾ തുടങ്ങുമെന്നും ഇതിനു പുറമേ വലിയ കണ്ടെയ്‌നർ വാഹനങ്ങൾ വഴി തിരിച്ചു വിടാനോ, രാത്രി പത്ത് മണിക്ക് ശേഷം മാത്രം കുതിരാനിൽ പ്രവേശിപ്പിക്കുവാനോ വേണ്ടുന്ന നടപടികൾ കൈക്കൊളളുമെന്നും മന്ത്രി ഉറപ്പ് നൽകി. ബസ് സമരത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ സമരത്തിൽ നിന്നും പിൻമാറുമെന്ന് ബസ് ഉടമ പ്രതിനിധികൾ അറിയിച്ചു.
ഇരുമ്പുപാലം വരെയുളള 4 കി.മീ പരിധിയിലാണ് അറ്റുകുറ്റപ്പണികൾ പെട്ടെന്ന് തീർക്കേണ്ടതെന്നും അതിനു ശേഷം എൻ എച്ച് 66 ലെ പോലെ കുഴികൾ കോൺക്രീറ്റും മെറ്റലും ചേർത്ത് അടച്ച് റീടാറിങ്ങ് ചെയ്താലേ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും ഈ നിരത്ത് ഗതാഗതയോഗ്യമാകൂ എന്നും ബസ് ഉടമ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധിയൽപ്പെടുത്തി. ജനങ്ങളെ ദുരിതത്തിലാക്കിയത് സർക്കാരല്ല എന്നും മന്ത്രി അറിയിച്ചു.
ടണൽ തുറക്കണം എന്ന നിർദ്ദേശത്തോട് ടണലിലൂടെ പോകുന്ന വാഹനങ്ങളുടെ പുക പുറത്തു പോകാൻ സൗകര്യമില്ലാത്തതിനാൽ കാർബൺ ശ്വസിച്ച് അപകട സാധ്യത ഏറുമെന്നും മന്ത്രി പറഞ്ഞു. ബസ് ഉടമ പ്രതിനിധികൾ, പീച്ചി-മണ്ണുത്തി പോലീസ് സ്റ്റേഷൻ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.