ഹൊസബെട്ടു കുണ്ടുകൊളാകെ തോടില്‍ ഇനി തെളിനീരൊഴുകും

97

ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ഹൊസബെട്ടു കൊപ്പള കുണ്ടുകൊളാകെ തോട് ശുദ്ധീ കരിച്ചു. ശുചീകരണ യജ്ഞം കുണ്ടുകൊളാകെ തോട് പരിസരത്ത് സിനിമാ താരം രൂപശ്രീ വോര്‍ക്കാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷനായി. സമൃദ്ധമായ ജലപ്രവാഹമുണ്ടായിരുന്ന കുണ്ടുകൊളാകെ തോട് നിലവില്‍ മാലിന്യങ്ങളും മറ്റും നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്.

സമീപ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഈ തോട് ഇപ്പോള്‍ ദുര്‍ഗന്ധപൂരിതമാണ്. രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗത്താണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഞ്ചേശ്വരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും 16,18 വാര്‍ഡുകളിലായി കിടക്കുന്ന തോടിന്റെ പരിസരത്തേക്ക് വിളംബരയാത്ര സംഘടിപ്പിച്ചു.

ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി എന്‍ ബി അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ജനപ്രതിനിധികള്‍, നാട്ടുകാര്‍, എസ് എടി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ സംബന്ധിച്ചു. എല്ലാ പഞ്ചായത്തുകളിലേയും ഏതെങ്കിലുമൊരു നീര്‍ച്ചാല്‍ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, സമഗ്രമായ ജലസംരക്ഷണം, കൃഷി വ്യാപനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകളിലൂടെ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പുനരുജജീവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.

NO COMMENTS