പൂ പോലെ പാദങ്ങൾ, വെറും 9 കാര്യങ്ങൾ
ദിനവും പുറത്തിറങ്ങി വെയിലും പൊടിയുമേൽക്കുന്നവർ മിക്കപ്പോഴും മുഖസൗന്ദര്യം സംരക്ഷിക്കുന്നതിൽ മത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ കൈകൾക്കും കാലുകൾക്കും ഇതേ രീതിയിൽ തന്നെ സംരക്ഷണം നല്‍കേണ്ടതാണെന്ന കാര്യം പലരും ഓർക്കാറില്ല. പെഡിക്യൂറും മാനിക്യൂറും ചെയ്യാൻ ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങാന്‍ സമയം ലഭിക്കാത്തതാണ് ഒരു പ്രധാന കാരണം. എന്നാലിനി വിഷമിക്കേണ്ട. പാദങ്ങൾക്ക് പെഡിക്യൂർ ട്രീറ്റ്മെന്റ് വീട്ടിലിരുന്ന് തന്നെ ചെയ്യാൻ നിങ്ങൾക്കു സാധിക്കും. ഈ ഒൻപത് കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്താൽ പൂ പോലെ പാദങ്ങൾ നിങ്ങൾക്ക് സ്വന്തം.
∙ ആദ്യം തന്നെ പാദങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നെയിൽ പോളിഷ് നീക്കം ചെയ്യുക. നഖങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം ഒരു നെയിൽ കട്ടർ ഉപയോഗിച്ച് വെട്ടിയൊതുക്കാം. ത്വക്കിനോട് ചേർന്ന ഭാഗം അധികം ഇറക്കി വെട്ടാതെ സൂക്ഷിക്കണം. കാരണം മുറിവുണ്ടാകുന്നത് അഴുക്കും അണുക്കളും നഖങ്ങളിൽ അടിയുന്നതിനും കുഴിനഖം ഉണ്ടാകുന്നതിനും കാരണമായേക്കാം.
∙ ഇനി ഒരു ബേസണിലോ ടബ്ബിലോ അൽപ്പം ചൂടുള്ള വെള്ളമെടുക്കുക. ഇതിൽ അൽപ്പം ഷാംപൂവും കല്ലുപ്പും കൂടി ഉപയോഗിക്കാം. എന്നാൽ പാദചർമ്മത്തിന് ഏറ്റവും ഉത്തമം ഇന്തുപ്പ് ഉപയോഗിക്കുന്നതാണ്. ഇത് ചർമ്മ മൃദുവാകുന്നതിനും കണങ്കാലിനും മറ്റുമുള്ള വേദന കുറയ്ക്കുന്നതിനും എല്ലാം സഹായകരമാണ്.
∙ ഒരു നാരങ്ങയുടെ നീരും ഒന്നോ രണ്ടോ തുള്ളി ഷാംപൂവും വെള്ളത്തിൽ യോജിപ്പാക്കാം.
∙ഇനി കണകങ്കാൽ വരെ മുങ്ങുന്ന തരത്തിൽ പാദങ്ങള്‍ വെള്ളത്തിൽ മുക്കി വച്ച് സുഖപ്രദമായ രീതിയിൽ ഇരിക്കാം. 15 മുതൽ 20 മിനുട്ട് വരെ അൽപ്പം റിലാക്സ് ചെയ്തോളൂ.
∙അതിനു ശേഷം കാൽപ്പാദങ്ങൾ ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് തുടയ്ക്കണം. ഇനി ചർമ്മത്തിലുപയോഗിക്കുന്ന ഏതെങ്കിലും നല്ല ക്രീമുപയോഗിച്ച് കാൽപ്പാദം മസാജ് ചെയ്യാം.
∙ ഇനി ഒരു പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് പാദങ്ങള്‍ സ്ക്രബ്ബ് ചെയ്യണം. മൃത കോശങ്ങള്‍ നീക്കം ചെയ്യുന്നതിനും വരണ്ട ചർമ്മം അകലുന്നതിനും ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ഇത് സഹായകരമാണ്. മൃതകോശങ്ങൾ സമയാസമയം നീക്കം ചെയ്തില്ലെങ്കിൽ തുക്കിന്റെ മാർദ്ദവം നഷ്ടപ്പെയുന്നതിന് അത് കാരണമാകുകയും വിണ്ടു കീറൽ ഉണ്ടാവുകയും ചെയ്യും.
∙ നഖങ്ങൾക്ക് മാത്രമായി ഉപയോഗിക്കാവുന്ന സ്ക്രബ്ബുകളും വിപണിയിൽ ലഭ്യമാണ്. അതുപയോഗിച്ച് നഖങ്ങൾ സ്ക്രബ്ബ് ചെയ്ത ശേഷം പാദങ്ങളിലെ ക്രീമും സ്ക്രബ്ബുമെല്ലാം തുണികൊണ്ട് തുടച്ചു നീക്കം ചെയ്യണം.
∙ ഇനി സ്ക്രബ്ബ് ഉപയോഗിച്ച് ഉപ്പൂറ്റിയും കണങ്കാലും ഉള്ളങ്കാലും വൃത്തിയാക്കാം. പാദങ്ങളുടെ വശങ്ങളും വിരലുകൾക്കിടയിലുള്ള ഭാഗങ്ങളും വൃത്തിയാക്കാൻ മറക്കരുത്. ഇനി കാലുകൾ വെള്ളമുപയോഗിച്ച് കഴുകാം.
∙ ഇനി ആണ് പെഡിക്യൂറിന്റെ അവസാന പടി. ചർമ്മത്തിന് പുത്തനുണർവ്വേകാൻ കാൽപ്പാദം 10 മിനുട്ടോളം മോയ്ചറൈസിങ്ങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യണം. ടവ്വൽ ഉപയോഗിച്ച് ക്രീം നീക്കം ചെയ്ത ശേഷം പുതിയ നെയിൽ പോളിഷിട്ട് നഖങ്ങൾ സ്റ്റൈലാക്കിക്കോളു. ആരും കൊതിക്കുന്ന കാൽപ്പാദങ്ങൾ നിങ്ങൾക്കും സ്വന്തമാകും.