മലയാള ഗാനശാഖയില്‍ ഒരു വസന്തകാലം തീര്‍ത്ത് ശ്രീകുമാരന്‍തമ്പി

1916

വയലാറിനെയും പി. ഭാസ്കരനെയും ഒ.എന്‍.വി.യെയുംപോലെ മലയാള ഗാനശാഖയില്‍ ഒരു വസന്തകാലം തീര്‍ത്ത കവിയാണ് ശ്രീകുമാരന്‍തമ്പി. തമ്പിയുടെ പാട്ടുകേട്ട് അന്നുമിന്നും മലയാളികള്‍ കൂടെപ്പാടുന്നത് ആ പാട്ട് അവരുടെ മനസ്സിനെ എത്രമാത്രം സ്വാധീനിച്ചെന്നതിന് തെളിവാണ്. മൂവായിരത്തോളം സിനിമാപ്പാട്ടുകളെഴുതിയ ശ്രീകുമാരന്‍തമ്പിക്ക് ഇപ്പോഴും ഒരു പാട്ടെഴുതാന്‍ പത്ത് മിനിറ്റ് മതി. തൂലികകൊണ്ടല്ല, ഹൃദയംകൊണ്ടാണ് വാക്കുകള്‍ കടലാസ്സുകളിലേക്ക് പകര്‍ത്തുന്നതെന്ന് കവി പറയും. അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നാണ് എഴുതിക്കൊണ്ടിരിക്കുന്നത്. ചില കാര്യങ്ങളില്‍ ആരോടും സന്ധിചെയ്യാത്ത ഈ എഴുത്തുകാരന് പക്ഷേ, അത്തരം സന്ധിയില്ലായ്മ വലിയ നഷ്ടവും വരുത്തിയിട്ടുണ്ട്. സിനിമകളില്‍ നിന്ന് സീരിയലുകളിലേക്ക് കൂടുമാറുന്നതും മറ്റൊരു വിട്ടുവീഴ്ചയാണെങ്കില്‍ കൂടിയും ജീവിതത്തിലെ മറ്റൊരു പ്രതിഷേധമായും അതിനെ കാണാവുന്നതാണ്. സംഗീതത്തിനനുസരിച്ച്‌ പാട്ടുകളെഴുതാന്‍ പറഞ്ഞാല്‍ തമ്പി അവിടെയും പിടിവാശി കാണിക്കും. മലയാളമറിയാത്ത സംഗീത സംവിധായകനാണ് അത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെങ്കില്‍ അത് അനുസരിക്കുന്ന തമ്ബി പക്ഷേ, ഭാഷയറിയാവുന്നവരോട് സമരസപ്പെടാന്‍ ഒരുക്കമല്ല. പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് അടുത്തകാലത്തായി പാട്ടെഴുത്തില്‍നിന്ന് ഇദ്ദേഹം വിട്ടുനില്‍ക്കുന്നത്. ഒരു ഗാനം പിറന്നുകഴിഞ്ഞാല്‍ ആ ഗാനത്തിന്റെ പേരും പെരുമയും ഗായകര്‍ വീതിച്ചെടുക്കുന്നതിനെ തമ്പി എതിര്‍ക്കുന്നു, എങ്കിലും യേശുദാസ് എന്ന ഗായകനെ ഏറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന തമ്പി അദ്ദേഹത്തെ ക്രൂശിക്കുന്ന പ്രവണതയെ അനുകൂലിക്കുന്നുമില്ല. തമ്ബിയുടെ ചിത്രമേള എന്ന ചിത്രത്തിലെ എട്ട് പാട്ടുകളും പാടി ഹിറ്റാക്കിയത് യേശുദാസാണ്. അനുഭവങ്ങളുടെ കരുത്തുമായാണ് തമ്ബി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയത്. അറുപതുകളില്‍ മെറിലാന്‍ഡ് ഉടമ പി. സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നടത്തിയത്. സത്യം തുറന്നു പറയുന്നതിനാല്‍ പദ്മ അവാര്‍ഡുകളടക്കമുള്ള പുരസ്കാരങ്ങളില്‍ നിന്ന് താന്‍ തള്ളപ്പെടുകയാണെന്ന് തമ്പി പറഞ്ഞു. ജെ.സി. ദാനിയല്‍ അവാര്‍ഡിന് നിരവധി തവണ പേര് നിര്‍ദേശിക്കപ്പെട്ടിട്ടും ബാഹ്യശക്തികളുടെ ഇടപെടലില്‍ അത് നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഉള്ളില്‍ വേദനയും അമര്‍ഷവും പുകയുമ്ബോഴും ആരോടും പരിഭവമില്ലാതെ ശ്രീകുമാരന്‍തമ്പി എന്ന കലാകാരന്‍ ഒതുങ്ങിക്കഴിയുന്നു.
courtesy : mathrubhumi

NO COMMENTS

LEAVE A REPLY