ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ വരിഞ്ഞുമുറുക്കിയ ജലജ് സക്സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഒമ്ബത് വിക്കറ്റിന്‍റെ ജയം. നാലാം ദിവസം രാവിലെ 42 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
എട്ടു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആന്ധ്രയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 26 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും മടക്കിയ സക്സേന ആന്ധ്രയെ പിടിച്ചുനില്‍ക്കാന്‍ അനുവദിച്ചില്ല. 21.3 ഓവറില്‍ 45 റണ്‍സ് വഴങ്ങി 8 വിക്കറ്റുകളാണ് ജലജ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്ങ്സില്‍ ജലജ് ഒരു വിക്കറ്റ് നേടിയിരുന്നു.
42 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ബാറ്റേന്തിയ കേരളത്തിന് 16 റണ്‍സെടുത്ത ഓപ്പണര്‍ അരുണ്‍ കാര്‍ത്തികിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 19 റണ്‍സെടുത്ത ജലജ് സക്സേനയും 8 റണ്‍സെടുത്ത രോഹന്‍ പ്രേമും പുറത്താകാത നിന്നു. ഈ ജയത്തോടെ വിലപ്പെട്ട ആറ് പോയിന്‍റ് കേരളം സ്വന്തമാക്കി.