കാസര്‍കോട് : കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടനം അണിയറയില്‍ തകൃതിയായി നടക്കുകയാണ്. അറു പതാമത് കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വേറിട്ടപരിപാടികളുമായി സംഘാടകര്‍ രംഗത്തുണ്ട്. നവംബര്‍ 17ന് വൈകുന്നേരം മൂന്നിന് ബേക്കല്‍ ബീച്ചില്‍ കൂറ്റന്‍ മണല്‍ ശില്‍പം ഒരുങ്ങും. മന്ത്രിമാര്‍, ജന പ്രതി നിധികള്‍, ശില്‍പികള്‍, കലാകാരന്മാര്‍, ക്ലബ്ബുകള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുക്കും.
കാസര്‍കോടിന്റെ സംസ്‌കാര പൈതൃകം തുടിക്കുന്ന 20 മീറ്റര്‍ നീളമുള്ള മണല്‍ ശില്‍പം നാല് മണിക്കൂറിനുള്ളില്‍ ബേക്കല്‍ തീരത്ത് വിരിയും. മണല്‍ ശില്‍പം ഒരുങ്ങുന്നതിനിടയില്‍ നാടന്‍പാട്ട് കലാകാരന്മാരുടെ പരിപാടിയും കാസര്‍കോടന്‍ കലകളെയും സംസ്‌കാരത്തിന്റെയും അടയാളങ്ങള്‍ ഉള്‍പ്പെടുത്തി കൈറ്റ് ഫെസ്റ്റ് നടക്കും. വണ്‍ ഇന്ത്യാ കൈറ്റ് ടീമാണ് ടെയോട്ടോ സെറാമിക് ടൈല്‍സിന്റെ സഹകരണത്തോടെ പട്ടമുയര്‍ത്തുന്നത്.
എട്ടോളം ഭീമമായ പട്ടങ്ങള്‍ അടക്കം 60 പട്ടമാണ് ഉയര്‍ത്തുന്നത്. ഗുരു വാദ്യസംഘം പള്ളിക്കരയുടെ നേതൃത്വത്തില്‍ ശിങ്കാരിമേളവും കലോത്സ പ്രചരണത്തെ ശ്രദ്ധേയമാക്കും.