കാറിടിച്ച് കിടപ്പിലായ ലൈന്‍മാനും കുടുംബത്തിനും കരുതലായി മനുഷ്യാവകാശ കമ്മീഷന്‍

91

കാസര്‍കോട് : കാറിടിച്ച് നൂറ് ശതമാനം വൈകല്യം അനുഭവിക്കുന്ന നെല്ലിക്കുന്ന് ഇലട്രിക്കല്‍ സെക്ഷന്‍ ലൈന്‍മാനും കുടുംബ ത്തിനും മനുഷ്യാവകാശ കമ്മീഷന്റെ കരുതല്‍. രണ്ട് കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബത്തില്‍ നിലവില്‍ ആര്‍ക്കും ജോലിയില്ലെന്നു കാണിച്ച് ഭാര്യ നല്‍കിയ പരാതി കമ്മീഷന്‍ തീര്‍പ്പാക്കി. ഇന്‍വാലിഡ് പെന്‍ ഷനും ലൈന്‍മാന്റെ ദീര്‍ഘകാലം കിടപ്പിലായ അവസ്ഥ പരിഗണിച്ച് ആശ്രിത നിയമനത്തിനും കമ്മീഷന്‍ നടപടി സ്വീകരിച്ചു.

കാസര്‍കോട് ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസിലെ മേലുദ്യോഗസ്ഥനെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ സംയുക്തമായി സമര്‍പ്പിച്ച പരാതിയും കമ്മീഷന്‍ പരിഗണിച്ചു. മാനസികമായി പീഡിപ്പിക്കുന്നുവെന്നും അധിക സമയം ജോലി ചെയ്യിക്കുന്നുവെന്നും അത്യാവശ്യ സമയങ്ങളില്‍പോലും അവധി നല്‍കുന്നില്ലെന്നും കാണിച്ച് നല്‍കിയ പരാതി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ മറുപടി സമര്‍പ്പിക്കുന്നതിനായി മാറ്റിവെച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നല്‍കുന്ന ചികിത്സാ സഹായങ്ങള്‍ സംബന്ധിച്ച് വിവിധ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പരാതികളും കമ്മീഷന്‍ പരിഗണിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ 49 പരാതികള്‍ പരിഗണിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിങില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. എട്ട് പരാതികള്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായി മാറ്റിവെച്ചു. പുതുതായി രണ്ട് പരാതികള്‍ സ്വീകരിച്ചു.

NO COMMENTS