സമരത്തിന് വിദ്യാർത്ഥികളെ കൊണ്ടുപോയ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

126

തൃശൂർ : എറണാകുളത്ത് കഴിഞ്ഞവർഷം സെപ്റ്റംബറിൽ കന്യാസ്ത്രീകൾ നടത്തിയ നിരാഹാര സത്യാഗ്രഹ പന്തലിൽ വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം വിളിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ കീരാലൂരിൽ പ്രവർത്തിക്കുന്ന സൽസബീൽ ഗ്രീൻ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടത്.

സി ബി എസ് ഇ ഡയറക്ടർക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പ്രവാസി മലയാളിയായ റ്റി എൽ ആന്റണിയാണ് ഇതു സംബന്ധിച്ച് കമ്മീഷനിൽ പരാതി നൽകിയത്. കമ്മീഷൻ തൃശൂർ ജില്ലാ പോലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2018 സെപ്റ്റംബറിൽ നടന്ന സമരത്തിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന 12 വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പങ്കെടുപ്പിച്ചതായി റിപ്പോർട്ടുകളിലുണ്ട്. നല്ല പൗരൻമാരായി കുട്ടികളെ വളർത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതെന്ന് പ്രിൻസിപ്പൽ കമ്മീഷനെ അറിയിച്ചു. ഇത് വൈവിധ്യമാർന്ന പഠനാനുഭവങ്ങളുടെ ഭാഗമാണ്. പ്രിൻസിപ്പലിന്റെ വിശദീകരണം കമ്മീഷൻ തള്ളി.

വിദ്യാർത്ഥികളെ സമര പന്തലിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിപ്പിച്ചത് ജനനന്മക്കും രാഷ്ട്രപുരോഗതിക്കും സഹായകരമാകുമെന്ന പ്രിൻസിപ്പലിന്റെ വിശദീകരണം സ്വീകരിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭരണഘടനയുടെ 51 എ വിവക്ഷിക്കുന്ന മൗലികമായ കടമകൾ പരിപാലിക്കാനാണ് കുട്ടികളെ സജ്ജമാക്കേണ്ടതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മതസ്പർധ കൂടാതെ ഏകോദര സഹോദരരെപോലെ ജീവിക്കാനുള്ള പാഠമാണ് കുട്ടികൾക്ക് നൽകേണ്ടത്. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തിൽ നിന്നും പ്രിൻസിപ്പൽ വ്യതിചലിച്ചതായും കമ്മീഷൻ നിരീക്ഷിച്ചു. പ്രിൻസിപ്പലിന്റെ പ്രവർത്തി അപലപനീയമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

NO COMMENTS