ന്യൂഡല്‍ഹി: ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാരിനും പോലീസ് മേധാവികള്‍ക്കും നോട്ടീസയച്ചു. ചീഫ് സെക്രട്ടറി, ഡിജിപി, ജയില്‍ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ്. സംഭവം വിവാദമായ സാഹചര്യത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കമ്മീഷന്‍ നടപടി. പോലീസ് കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമുള്ള പ്രതികളുടെ മരണം ആശങ്കാജനകമാണെന്നും ഇക്കാര്യത്തില്‍ കമ്മീഷന് ഉത്കണ്ഠയുണ്ടെന്നും നോട്ടീസില്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്നശേഷം എട്ട് സിമി ഭീകരര്‍ ജയില്‍ ചാടുകയായിരുന്നെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിന്നീട് തിരച്ചിലിനിടെ ഭോപ്പാല്‍ നഗരത്തിന് പുറത്തുള്ള ഐന്ത്ഖേദി ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ടു പേരെയും വധിക്കുകയായിരുന്നെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് ആരോപണവുമായി നിരവധി മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.