കൊച്ചി: സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് എംഎല്‍എമാര്‍ക്കെതിരേ കേസെടുത്തതിനോടു പ്രതികരിക്കുകയായിരുന്നു ഹൈബി ഈഡന് എംഎല്‍എ.വികസനമോ കരുതലോ ഇല്ലാത്ത ഇടതു സര്‍ക്കാരിന്റെ കള്ളക്കേസ് നീക്കം മനസിലാക്കാന്‍ വിവേകമുള്ളവരാണ് കേരളത്തിലുള്ളതെന്നും മേയ് 23-ന് ഇത് തെളിയുമെന്നും തനിക്കെതിരായ കേസിനുപിന്നില്‍ സിപിഎമ്മിന്റെ പരാജയ ഭീതിയെന്നും ഹൈബി ഈഡന് എംഎല്‍എ.
സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിന്മേല് ഹൈബി ഈഡന്, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ സമാന കേസില്‍ കെ.സി. വേണുഗോപാല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഹൈബി ഈഡനെതിരേ ബലാത്സംഗക്കുറ്റവും അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളുമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മൂവര്‍ക്കുമെതിരേ കേസെടുക്കാന്‍ കഴിയുമോ എന്നു നേരത്തെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച വിവരം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് നടപടി കോടതി പരിശോധിച്ചു വരികയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ലിസ്റ്റിലുള്ള നേതാക്കള്‍ക്കെതിരേയാണ് പീഡനക്കുറ്റം എന്നത് കോണ്‍ഗ്രസിന് തലവേദനയാകും. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച നിലയിലാണ്. സ്ഥാനാര്‍ഥികള്‍ക്കെതിരേയുള്ള കേസുകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവും നേതാക്കള്‍ക്ക് തിരിച്ചടിയുണ്ടാക്കും.
ഉമ്മന്‍ ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരേ ഇതേകേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായിരുന്നില്ല. തെളിവില്ല എന്നതായിരുന്നു അന്വേഷണ സംഘത്തെ തുടര്‍ നടപടികളില്‍നിന്നു പിന്തിരിപ്പിച്ചത്.