തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. ക്ലാഷ്, സിങ്ക് എന്നിവ ഉള്‍പ്പെടെ ഒരുപിടി ചിത്രങ്ങള്‍ സുവര്‍ണ ചകോരം നേടാന്‍ കടുത്ത മല്‍സരത്തിലാണ്. മാന്‍ ഹോളും കാടുപൂക്കുന്ന നേരവും മലയാളത്തിന് പ്രതീക്ഷയേകുന്നു. ഇന്ന് വൈകുന്നേരം ആറിന് കനകക്കുന്ന് നിശാഗന്ധിയിലാണ് പുരസ്കാര പ്രഖ്യാപനം. ആദ്യപ്രദര്‍ശനത്തില്‍ തന്നെ ജനംഇടിച്ചുകയറിയ ക്ലാഷ് വീണ്ടും വീണ്ടും തീയറ്ററുകളിലെത്തിക്കേണ്ടിവന്നു. മേളയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ചതും ക്ലാഷ് തന്നെ. മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ഈ ചിത്രം ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭത്തിന് ശേഷം തടവിലാക്കപ്പെട്ടവരുടെ അവസ്ഥാന്തരങ്ങളാണ് കാട്ടുന്നത്. ഈ ചിത്രം ചകോരപുരസ്കാരം നേടുമെന്ന് വിശ്വസിക്കുന്നവരേറെ. മുസ്തഫ കാരാ സംവിധാനം ചെയ്ത കോള്‍ ഓഫ് കാലന്തര്‍ കടുത്തമല്‍സരം കാഴ്ചവെയ്ക്കുന്നു. ഫിലിപ്പീന്‍സിലെ ട്രാന്‍സ് ജന്‍ഡര്‍ മോഡിലിന്റെ മാനസികവ്യാപാരങ്ങള്‍ കാണിച്ച ഡൈ ബ്യൂട്ടിഫുള്‍, ചൈനീസ് ചിത്രങ്ങളായ നൈഫ് ഇന്‍ ദ ക്ലീന്‍വാട്ടര്‍, സോള്‍ ഓണ്‍ എ സ്ട്രിങ് , ബംഗാളില്‍ നിന്നെത്തിയ ചിത്രോകാര്‍ എന്നിവയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.