സുവര്‍ണ ചകോരം ക്ലാഷിന്

212

തിരുവനന്തപുരം • രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്ത ക്ലാഷിന് . മികച്ച സംവിധായകനുള്ള രജതചകോരം യെസിം ഒസ്ത ലാഗു സംവിധാനം ചെയ്ത ക്ലെയര്‍ ഒബ്സ് ക്വുറിനാണ്. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ജൂറി ചെയര്‍മാന്‍ മിഷേല്‍ ഖലീഫി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് സുവര്‍ണചകോരത്തിനുള്ള പുരസ്കാരത്തുക. മികച്ച സംവിധായകനുള്ള രജതചകോരത്തിന് നാലു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായിയ്ക്കുള്ള രജതചകോരം ‘മാന്‍ഹോള്‍’ സംവിധാനം ചെയ്ത വിധു വിന്‍സെന്റിന് സമ്മാനിച്ചു. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക.

മല്‍സരവിഭാഗത്തില്‍ മേളയിലെ പ്രതിനിധികളുടെ വോട്ടിങ്ങില്‍ മുന്നിലെത്തി പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിനുള്ള പുരസ്കാരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്ത ക്ലാഷ് നേടി. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. രാജ്യാന്തര ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തിരഞ്ഞെടുത്ത മികച്ച മല്‍സരവിഭാഗ ചിത്രം ജാക്ക് സാഗ സംവിധാനം ചെയ്ത ‘വെയര്‍ ഹൗസ്ഡി’നാണ്. മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം വിധു വിന്‍സെന്റ് വിധാനം ചെയ്ത മാന്‍ഹോള്‍ നേടി. ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോല്‍സാഹനത്തിന് നെറ്റ്വര്‍ക്ക് ഫോര്‍ ദ് പ്രമോഷന്‍ ഓഫ് ഏഷ്യന്‍ ഫിലിം സെന്റര്‍(നെറ്റ്പാക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരം മുസ്തഫ കാര സംവിധാനം ചെയ്ത കോള്‍ഡ് ഓഫ് കലന്തര്‍ കരസ്ഥമാക്കി. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാട’ത്തിനാണ്.

മേളയില്‍ മികച്ച പ്രദര്‍ശന സൗകര്യമൊരുക്കിയതിന്‍റെ എസ്തറ്റിക് അവാര്‍ഡ് കൈരളി – കെഎസ്‌എഫ്ഡിസി തിയറ്റര്‍ നേടി. മികച്ച സാങ്കേതിക സൗകര്യത്തിന് തിയറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ ടെക്നിക്കല്‍ അവാര്‍ഡ് ശ്രീപത്മനാഭ തിയറ്ററിനു ലഭിച്ചു. മന്ത്രിമാരായ എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, എ. സമ്ബത്ത് എംപി, വി.എസ് ശിവകുമാര്‍ എംഎല്‍എ, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പഴ്സന്‍ ബീന പോള്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, കെഎസ്‌എഫ്‍‍ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. ദ്രാവിഡ ദൃശ്യതാളത്തോടെയാണ് ഏട്ടു രാപകലുകളെ ദൃശ്യസമ്ബന്നമാക്കിയ ചലച്ചിത്രമേള കൊടിയിറങ്ങിയത്. സമാപനത്തോടനുബന്ധിച്ച്‌ സുവര്‍ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.

NO COMMENTS

LEAVE A REPLY