വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല – മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

171

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല, മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ്ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച്‌ രാഹുലിന് സൂചന നല്‍കാന്‍ മാത്രമേ കഴിയുകയുള്ളു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലും അദ്ദേഹം മത്സരിക്കണമെന്ന താല്‍പര്യം അദ്ദേഹത്തെ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. രാഹുല്‍ അമേത്തിയില്‍ മത്സരിക്കുന്നതിനോടൊപ്പം രണ്ടാമത് ഒരിടത്ത് നിന്ന് കൂടി മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനില്ലെങ്കില്‍ ആരാകും സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ടി.സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തിലും അവ്യക്തതയാണുള്ളത്. ഇതിനെ സംബന്ധിച്ച്‌ ഹൈക്കമാന്റ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്ന കാര്യം വ്യക്തമാണ്. ഉമ്മന്‍ ചാണ്ടിയായിരുന്നു നേരത്തേ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന കാര്യത്തെ കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയത്.

NO COMMENTS