പുണെ• ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മല്‍സരത്തില്‍ ചെന്നൈയിന് എഫ്സിയെ സമനിലയില്‍ കുരുക്കി പുണെ സിറ്റി എഫ്സി. ആദ്യ പകുതിയില്‍ ജെജെ ലാല്‍പെഖുലെ നേടിയ ഗോളിന് മുന്നിലെത്തിയ ചെന്നൈയിനെ 82-ാം മിനിറ്റില്‍ സ്പാനിഷ് താരം ആനിബാല്‍ സൂര്ദോ നേടിയ ഫ്രീകിക്ക് ഗോളിലാണ് പുണെ സമനിലയില്‍ പിടിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.
അഞ്ചു മല്‍സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി ചെന്നൈയിന് എഫ്സി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, അഞ്ചു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുള്ള പുണെ സിറ്റി എഫ്സി ഏഴാം സ്ഥാനത്ത് തുടരുന്നു. മുംബൈ സിറ്റി എഫ്സിക്കും എട്ടു പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ പുലര്‍ത്തുന്ന മികവാണ് ചെന്നൈയിനെ ഒരുപടി കയറി മൂന്നാമതെത്താന്‍ സഹായിച്ചത്.