ചെന്നൈ • കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്സി മല്‍സരം ഗോള്‍രഹിത സമനിലയില്‍. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയം കാണാനിരുന്ന ആരാധകര്‍ക്ക് ഒടുവില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കളിയുടെ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ഗോളടിക്കാനായി നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അവയൊക്കെ ബ്ലാസ്റ്റേഴ്സ് പാഴാക്കി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് മടങ്ങി വന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗോവയ്ക്കെതിരെ നേടിയ അത്യുഗ്രന്‍ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്സിയോട് ഏറ്റുമുട്ടാനിറങ്ങിയത്. വാശിയേറിയ മല്‍സരം പുറത്തെടുത്തെങ്കിലും കേരള താരങ്ങള്‍ക്ക് ഗോള്‍ മാത്രം നേടാനായില്ല. പല തവണ ഗോള്‍ മുഖത്തെത്തിയെങ്കിലും ചെന്നൈയിന്റെ പ്രതിരോധത്തില്‍ ഗോള്‍ വല അനക്കാനായില്ല. ഗോവയെ അവരുടെ മണ്ണില്‍ തളച്ച അതേ പ്രകടനം ചെന്നൈയിലും ആവര്‍ത്തിയ്ക്കാമെന്ന കണക്കുകൂട്ടല്‍ ബ്ലാസ്റ്റേഴ്സിന് തെറ്റി. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിനും മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. കേരള ബ്ലാസ്റ്റേഴ്സ് തീര്‍ത്ത പ്രതിരോധത്തില്‍ ഗോളടിക്കാന്‍ ചെന്നൈയിന്‍ താരങ്ങള്‍ക്കും കഴിഞ്ഞില്ല. പല തവണ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മികച്ച പ്രതിരോധത്തിനു മുന്നില്‍ ചെന്നൈയിന് മുട്ടു മടക്കേണ്ടി വന്നു.