ഗുവാഹത്തി• ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മൂന്നാം സീസണില്‍ പുണെ സിറ്റി എഫ്സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പുണെയ്ക്കെതിരെ ആതിഥേയര്‍ ജയിച്ചുകയറിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ഐവറി കോസ്റ്റ് താരം റോമറിക് എന്‍ഡിരി (81) നേടിയ ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് വിജയം സമ്മാനിച്ചത്. ബോക്സിന് തൊട്ടുമുന്നില്‍ ലഭിച്ച ഫ്രീകിക്കില്‍നിന്നായിരുന്നു മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോള്‍. റോമറിക് എന്‍ഡിരി തൊടുത്ത ഷോട്ട് പുണെ ഗോള്‍കീപ്പര്‍ ഏഡല്‍ ബെറ്റെയുടെ നീട്ടിയ കൈകളെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയില്‍ പതിക്കുകയായിരുന്നു. സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ നാലാം വിജയമാണിത്. മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് വിജയിച്ചത് കേരളാ ബ്ലാസ്റ്റേഴ്സിനും അനുഗ്രഹമായി. വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 11 മല്‍സരങ്ങളില്‍നിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നില്‍ ആറാം സ്ഥാനത്തെത്തി. തോറ്റ പുണെ സിറ്റി എഫ്സിയാകട്ടെ, 12 മല്‍സരങ്ങളില്‍നിന്ന് 15 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് തൊട്ടുമുന്നില്‍ നാലാം സ്ഥാനത്ത് തുടരുന്നു. ബ്ലാസ്റ്റേഴ്സിനും 15 പോയിന്റാണെങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയ്ക്കെതിരെ വന്‍തോല്‍വി വഴങ്ങിയതോടെ ഗോള്‍ശരാശരിയില്‍ പിന്നോട്ടിറങ്ങിയതാണ് വിനയായത്. 25ന് കൊച്ചിയില്‍ പുണെ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം. നിലവില്‍ പുണെയെക്കാള്‍ ഒരു മല്‍സരം കുറച്ചുകളിച്ചിട്ടുള്ള ബ്ലാസ്റ്റേഴ്സിന് ഈ മല്‍സരത്തില്‍ വിജയം നേടാനായാല്‍ സെമി സാധ്യത വര്‍ധിപ്പിക്കാം. ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മല്‍സരം ഡിസംബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആയതിനാല്‍ അതും സെമി പ്രവേശനത്തിന് അനുകൂല ഘടകമാണ്.