ഐഎസ്‌എല്‍ : എഫ്സി പുണെ സിറ്റിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്

223

കൊച്ചി • ഐഎസ്‌എല്‍ ഫുട്ബോളിലെ നിര്‍ണായ മല്‍സരത്തില്‍ എഫ്സി പുണെ സിറ്റിയെ ഒരു ഗോളിനു തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യത നിലനിര്‍ത്തി. ജയത്തോടെ പോയിന്റ് നിയലില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്തി. ഹോം മാച്ചില്‍ ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. തുടക്കത്തില്‍തന്നെ പൂണെക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ബ്ലാസ്റ്റേഴ്സ് അവരെ പ്രതിരോധത്തിലാഴ്ത്തി. ഏഴാം മിനിറ്റില്‍ ഡക്കന്‍സ് നെയ്സണ്‍ കേരളത്തിനായി ആദ്യ ഗോള്‍ നേടിയതോടെ പൂണെ സമ്മര്‍ദ്ദത്തിലായി. പിന്നീട് പലതവണ പൂണെ ഗോള്‍മുഖത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ പ്രതിരോധത്തില്‍ ഒന്നും ഫലം കണ്ടില്ല. ആദ്യ പകുതിയില്‍ പൂണെയ്ക്ക് ഗോളൊന്നും നേടാനായില്ല.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മികച്ച കളിതന്നെ പുറത്തെടുത്തു. പലതവണ ഗോള്‍മുഖത്തേക്ക് പന്ത് അടിച്ചുവിട്ടു. ഗോള്‍വല അനക്കാനായില്ലെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം പൂണെയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി. ഒടുവില്‍ 57-ാം മിനിറ്റില്‍ ആരോണ്‍ ഹ്യൂസ് കേരളത്തിനായി രണ്ടാം ഗോള്‍ നേടി. സി.കെ.വിനീതിന്റെ കൃത്യമായ പാസിലൂടെയാണ് ഹ്യൂസ് കേരളത്തിനായി ഗോള്‍ നേടിയത്. ഇതോടെ കളി പൂണെയുടെ കയ്യില്‍നിന്നും വിട്ടുപോയി. 82-ാം മിനിറ്റില്‍ പുണെയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീകിക്കിലൂടെ പൂണെ ആദ്യ ഗോള്‍ മടക്കി. 95-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അനിബാല്‍ റോഡ്രിഗ്സ് ക്യത്യമായി പോസ്റ്റിലെത്തിച്ചു. രണ്ടു ഗോളിന്റെ വിജയം മുന്നില്‍ കണ്ട ബ്ലാസ്റ്റേഴ്സിന് ഇതു തെല്ലു നിരാശയേകിയെങ്കിലും ഒരു ഗോളിന്റെ വിജയം ശരിക്കും മഞ്ഞപ്പട ആസ്വദിച്ചു.

NO COMMENTS

LEAVE A REPLY