ചെന്നൈയിന്‍ എഫ്സിക്കെതിരെ ഗോവയുടെ ജയം നാലിനെതിരെ അഞ്ചു ഗോളിന്

215

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവ-ചെന്നൈയിന്‍ എഫ്സി മത്സരത്തില്‍ ഗോള്‍മഴ. നാലാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍ വര്‍ഷം അധിക സമയത്തേക്കു വരെ നീണ്ടപ്പോള്‍ ചിരിച്ചതു ഗോവ. ആവേശം അണപൊട്ടിയൊഴുകിയ മത്സരത്തില്‍ നാലിനെതിരെ അഞ്ചു ഗോളിനാണു ഗോവ ജയിച്ചത്. ചെന്നൈക്കു വേണ്ടി നാലാം മിനിറ്റില്‍ ജെറിയാണ് ആദ്യ ഗോള്‍ നേടിയത്. ആറാം മിനിറ്റില്‍ ഗോവയുടെ കൊയ്ലോ ഗോള്‍ മടക്കി. 14-ാം മിനിറ്റില്‍ ആര്‍നോളിന്റെ ദാനഗോള്‍ ചെന്നൈയെ മുന്നിലെത്തിച്ചു. 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോഫ്രെ ഗോവയെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റില്‍ ഒമാഗ്ബെമിയുടെ ഗോളോടെ 3-2ന് ചെന്നൈ മുന്നിലെത്തി.
ഹാഫ് ടൈമില്‍ ചെന്നൈയുടെ മുന്നേറ്റത്തിലാണ് കളി പിരിഞ്ഞത്. എന്നാല്‍, 68ാം മിനിറ്റില്‍ ടവോറ ഗോവയ്ക്കായി സമനില ഗോള്‍ നേടി. 76-ാം മിനിറ്റില്‍ കൊയ്ലോയുടെ ഗോളില്‍ മത്സരത്തില്‍ ആദ്യമായി ഗോവ ലീഡ് നേടി. എന്നാല്‍, അനാവശ്യമായി പെനാല്‍റ്റി വഴങ്ങിയ ഗോവയെ 88-ാം മിനിറ്റില്‍ റൈസ് പിടിച്ചുകെട്ടി. സ്കോര്‍: 4-4. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ടവോറയുടെ മനോഹരമായ ഷോട്ട് ചെന്നൈ വല തുളച്ചതോടെ മത്സരം ഗോവ സ്വന്തമാക്കി. ഇരു ടീമുകളും നേരത്തെ പുറത്തായതിനാല്‍ മത്സരഫലത്തിനു പ്രസക്തിയില്ലായിരുന്നുവെങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇന്നു കണ്ടത്.

NO COMMENTS

LEAVE A REPLY