ചെന്നൈ• ഐഎസ്‌എല്‍ മൂന്നാം സീസണിലെ ഒന്നാം സെമിയുടെ ആദ്യപാദത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെ ആതിഥേയരായ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം. മുംബൈയുടെ സൂപ്പര്‍ താരം ഡിയേഗോ ഫോര്‍ലാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്തയുടെ വിജയം. മല്‍സരത്തിന്റെ ആദ്യപകുതിയിലായിരുന്നു അഞ്ചു ഗോളുകളും. കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം (39, 45+, പെനല്‍റ്റി) നേടിയ ഇരട്ടഗോളുകളാണ് മുംബൈയ്ക്കെതിരെ കൊല്‍ക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. സെമിയുടെ രണ്ടാം പാദം മുംബൈയുടെ തട്ടകത്തില്‍ 13ന് നടക്കും. ഈ മല്‍സരത്തില്‍ സമനില നേടിയാലും കൊല്‍ക്കത്തയ്ക്ക് മുന്നേറാം.
ലാല്‍റിന്‍ഡിക റാള്‍ട്ടെയുടെ (3) വകയായിരുന്നു കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍. മുംബൈയുടെ ഗോളുകള്‍ ബ്രസീലിയന്‍ താരങ്ങളായ ലിയോ കോസ്റ്റ (10), ജേഴ്സന്‍ വിയേര (19) എന്നിവരുടെ വകയാണ്. 4-ാം മിനിറ്റില്‍ മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി ഫോര്‍ലാന്‍ പുറത്തുപോയതിനാല്‍ 10 പേരുമായാണ് മുംബൈ മല്‍സരം പൂര്‍ത്തിയാക്കിയത്. ഇതോടെ, മുംബൈയില്‍ നടക്കുന്ന സെമിയുടെ നിര്‍ണായകമായ രണ്ടാം പാദം ഫോര്‍ലാന് നഷ്ടമാകും.
ഗ്രൂപ്പു ഘട്ടത്തില്‍ ഒന്നാമതെത്തിയ മുംബൈയും നാലാം സ്ഥാനക്കാരായി സെമിയിലെത്തിയ കൊല്‍ക്കത്തയും തമ്മിലുള്ള ആദ്യപാദ സെമിയുടെ തുടക്കം തന്നെ ആവേശകരമായിരുന്നു. ഇന്ത്യന്‍ താരം ലാല്‍റിന്‍ഡിക റാള്‍ട്ടെയിലൂടെ മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ കൊല്‍ക്കത്ത മുന്നിലെത്തി. ബോക്സിന് വെളിയില്‍നിന്നും സ്പാനിഷ് താരം ബോര്‍ജ ഫെര്‍ണാണ്ടസ് ഉയര്‍ത്തിവിട്ട പന്ത് റാള്‍ട്ടെയുടെ ശിരസില്‍തട്ടി ഉയര്‍ന്നുപൊങ്ങി. പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് താഴ്ന്നിങ്ങുമ്ബോള്‍ മുംബൈ ഗോളി അമരീന്ദര്‍ കൃത്യസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ പന്ത് തടയാന്‍ അദ്ദേഹത്തിനായില്ല. സ്കോര്‍ 1-0.
10-ാം മിനിറ്റില്‍ ഗ്രൂപ്പു ചാംപ്യന്‍മാര്‍ക്കൊത്ത ഉശിരോടെ മുംബൈ തിരിച്ചടിച്ചു. ബോക്സിന് വെളിയില്‍ മുംബൈയ്ക്ക് ലഭിച്ച ഫ്രീകിക്ക് എടുത്തത് ഡിയേഗോ ഫോര്‍ലാന്‍. തന്റെ തലപ്പാകത്തിനു വന്ന പന്തിനെ സുനില്‍ ഛേത്രി ലിയോ കോസ്റ്റയ്ക്ക് മറിച്ചു. ഒരു ചുവടു മുന്നോട്ടുവച്ച് കോസ്റ്റ തൊടുത്ത ഷോട്ട് കൊല്‍ക്കത്ത വലയില്‍. സ്കോര്‍ 1-1.
ഒന്‍പത് മിനിറ്റിനുശേഷം മുംബൈ ലീഡുയര്‍ത്തി. ഇത്തവണയും ഗോള്‍ വന്നത് ഫോര്‍ലാന്റെ ഫ്രീകിക്കില്‍നിന്ന്. ഫോര്‍ലാന്റെ ബൂട്ടില്‍നിന്ന് ബോക്സിലേക്ക് ചാഞ്ഞിറങ്ങിയ പന്തില്‍ ജേഴ്സന്‍ വിയേരയുടെ കിടിലന്‍ ഹെഡര്‍. കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ സെറീനോയുടെ പ്രതിരോധം തകര്‍ത്ത് പന്ത് വലയില്‍. സ്കോര്‍ 2-1.
മുംബൈയുടെ ലീഡില്‍ ഇടവേളയിലേക്കെന്ന് കരുതിയ മല്‍സരത്തില്‍ വഴിത്തിരിവുണ്ടാക്കിയത് മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരമായ ഇയാന്‍ ഹ്യൂം. 39-ാം മിനിറ്റിലായിരുന്നു ഹ്യൂമിന്റെ ആദ്യ ഗോള്‍. റാള്‍ട്ടെയില്‍നിന്ന് സമീഗ് ദൗത്തി വഴിയെത്തിയ പന്ത് പോസ്റ്റിനുമുന്നില്‍ ഹ്യൂമിലേക്ക്. അനുഭവസമ്ബത്ത് സര്‍വവും ആവാഹിച്ച് ഹ്യൂം തൊടുത്ത പൊള്ളുന്ന ഷോട്ട് മുംബൈ വലയില്‍. സ്കോര്‍ 2-2.
ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു കൊല്‍ക്കത്തയുടെ മൂന്നാം ഗോള്‍. ഗോളിലേക്ക് വഴിവച്ചത് സമീഗ് ദൗത്തി-ഹെല്‍ഡര്‍ പോസ്റ്റിഗ സഖ്യത്തിന്റെ മുന്നേറ്റം. ദൗത്തിയില്‍നിന്നും ലഭിച്ച പന്തിന് ഗോളിലേക്ക് വഴികാട്ടാനുള്ള പോസ്റ്റിഗയുടെ ശ്രമത്തിനിടെ ബോക്സിനുള്ളില്‍ റാള്‍ട്ടെയുടെ ഫൗള്‍. കൊല്‍ക്കത്തയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിക്കാന്‍ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പെനല്‍റ്റിയെടുത്ത ഇയാന്‍ ഹ്യൂമിന് പിഴച്ചില്ല. മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദറിനെ കബളിപ്പിച്ച് പന്ത് വലയില്‍. സ്കോര്‍ 3-2. ഇതേ സ്കോറില്‍ ഇടവേള.
രണ്ടാം പകുതിയിലും മത്സരം അത്യന്തം ആവേശകരമായിരുന്നെങ്കിലും ഇരുടീമുകളും ഇടതടവില്ലാതെ ഫൗളുകള്‍ ചെയ്തതോടെ മല്‍സരം പരുക്കനായി. ഗോളുകളൊന്നും പിറന്നില്ലെങ്കിലും ഗോളിനടുത്തെത്തിയ മുന്നേറ്റങ്ങള്‍ ആരാധകരെ ചൂടുപിടിപ്പിച്ചു. മല്‍സരത്തിന്റെ അധികസമയത്ത് ഹാട്രിക്ക് പൂര്‍ത്തിയാക്കാന്‍ ഹ്യൂമിന് അവസരമൊരുങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി.