ചെന്നൈ • ഐഎസ്‌എല്‍ രണ്ടാം സീസണിലെ ഫൈനലിസ്റ്റുകള്‍ മുഖാമുഖമെത്തിയ മൂന്നാം സീസണിലെ ആദ്യ മല്‍സരത്തില്‍ ജയം നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്സിക്കൊപ്പം തന്നെ. ഗോവ എഫ്സിക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെന്നൈയിന്റെ വിജയം. ഹാന്‍സ് മുള്‍ഡര്‍ (15), മെഹ്റാജുദ്ദീന്‍ വാഡു (26) എന്നിവര്‍ നേടിയ ഗോളുകളാണ് ചെന്നൈയിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. വിജയത്തോടെ നാലു പോയിന്റുമായി ചെന്നൈയിന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ മൂന്നാം മല്‍സരവും തോറ്റ സീക്കോയുടെ ഗോവയാകട്ടെ, കേരളാ ബ്ലാസ്റ്റേഴ്സിനും പിന്നില്‍ അവസാന സ്ഥാനത്ത് തുടരുന്നു.15-ാം മിനിറ്റിലായിരുന്നു ചെന്നൈയിന്റെ ആദ്യഗോള്‍.
ലക്ഷ്യം കണ്ടത് സീസണിലെ ഗോള്‍നേട്ടം രണ്ടായി ഉയര്‍ത്തിയ ഹാന്‍സ് മുള്‍ഡര്‍. റാഫേല്‍ അഗസ്റ്റോയില്‍നിന്ന് പുറപ്പെട്ട പന്ത് ബോക്സിന് തൊട്ടുവെളിയില്‍ ഹാന്‍സ് മുള്‍ഡറിലേക്കെത്തുമ്ബോള്‍ മുന്നില്‍ ഗോളി മാത്രം. തകര്‍പ്പനൊരു ഷോട്ടിലൂടെ ഗോവന്‍ ഗോളി കട്ടിമണിയുടെ പ്രതിരോധം തകര്‍ത്ത് മുള്‍ഡര്‍ ലക്ഷ്യം കണ്ടു. സ്കോര്‍ 1-0.10 മിനിറ്റിനുശേഷം ചെന്നൈയിന്‍ വീണ്ടും നിറയൊഴിച്ചു. ചെന്നൈയിന്‍ പ്രതിരോധത്തിലെ കരുത്തന്‍ മെഹ്റാജുദ്ദീന്‍ വാഡുവിന്റെ വകയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായെത്തിയ ഈ ഗോള്‍. ബല്‍ജിത് സിങ് വാഹ്നിയില്‍നിന്നും ബോക്സിന് വെളിയില്‍ ലഭിച്ച പന്ത് ബോക്സിലേക്ക് മറിക്കാന്‍ വാഡുവിന്റെ ശ്രമം. പോസ്റ്റിന്റെ ഇടത്തേ മൂല ലക്ഷ്യമാക്കി വാഡു തൊടുത്ത ഷോട്ട് ഡൂമസിന്റെ ദേഹത്ത് തട്ടി തിരിഞ്ഞ് വലത്തേ മൂലയിലേക്ക്. പന്തിന്റെ അപ്രതീക്ഷിത ഗതിമാറ്റത്തില്‍ പതറിയ ഗോവന്‍ ഗോളി കട്ടിമണി മുഴുനീളെ ഡൈവ് ചെയ്തെങ്കിലും പന്ത് വലയെ ചുംബിച്ചു. സ്കോര്‍ 2-0.
ആദ്യ പകുതിയുടെ ശേഷിച്ച മിനിറ്റുകളിലും രണ്ടാം പകുതിയിലും ഗോവ ഗോള്‍മടക്കാന്‍ ശ്രമിച്ചെങ്കിലും ചെന്നൈയിന്‍ പ്രതിരോധം ഭേദിക്കാനായില്ല. അവസാന നിമിഷങ്ങളില്‍ ഏതുവിധേനയും ഒരു ഗോള്‍ മടക്കാന്‍ ഗോവന്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായ മൂന്നാം തോല്‍വിയുമായി മടങ്ങാനായിരുന്നു വിധി.