ന്യൂഡൽഹി: ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൽസരം നടന്ന പുണെയിലെ പിച്ചിന് നിലവാരം ഇല്ലായിരുന്നുവെന്ന് ഐസിസി മാച്ച് റഫറി. നിലവാരമില്ലാത്ത പിച്ച് നിർമ്മിച്ചതിൽ 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു. അതേസമയം, പിച്ചിനെക്കുറിച്ച് ബിസിസിഐയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ക്യൂറേറ്റർ പാണ്ഡുരംഗ് സാൽഗോൻക്കർ പറഞ്ഞു. ഡ്രൈ പിച്ച് ഒരുക്കിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിച്ച് കമ്മിറ്റി തലവന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ടീമിനെ ബാധിക്കുമെന്നറിഞ്ഞിട്ടും എന്തിനാണ് ഇത്തരമൊരു പിച്ചൊരുക്കിയത് എന്നു ചോദിച്ചപ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കുവെന്നായിരുന്നു പാണ്ഡുരംഗിന്റെ മറുപടി. ടീമിലെ ആരും സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കമ്മിറ്റിയോട് ഇത്തരത്തിൽ പിച്ചൊരുക്കാൻ ആരാണ് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.