പോച്ചെഫ്സ്ട്രൂം: രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കും മൂന്ന് ബംഗ്ലദേശ് താരങ്ങള്‍ക്കും എതിരേയാണ് ഐസിസി നടപടി. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ ഇന്ത്യയെ തോല്പിച്ച് കന്നി ഐസിസി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഗ്രൗണ്ടില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ കളിക്കാര്‍ക്കെതിരേ നടപടിയുമായി ഐസിസി.
ഇന്ത്യയെ തോല്പിച്ച് ബംഗ്ലാദേശ് കന്നി ഐസിസി കിരീടം സ്വന്തമാക്കിയതോടെയാണ് മൈതാനത്ത് സംഘര്‍ഷമുണ്ടായത്. ഇന്ത്യന്‍ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ വിജയാഘോഷം. ബംഗ്ലാ താരങ്ങള്‍ കൈയാങ്കളിക്ക് മുതിര്‍ന്നതോടെ രൂക്ഷമായ വാക്പോരുണ്ടായി. അംപയര്‍മാര്‍ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
പരിശീലക സംഘത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ടാണ് ഇരുടീമുകളിലെയും താരങ്ങളെ നിയന്ത്രിച്ചത്. മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘര്‍ഷത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ച ശേഷം മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് അഞ്ചു പേര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്.
ഇന്ത്യന്‍ താരങ്ങളായ ആകാശ് സിംഗ്, രവി ബിഷ്ണോയി എന്നിവരാണ് ഇന്ത്യന്‍ നിരയില്‍നിന്ന് ശിക്ഷിക്കപ്പെട്ടവര്‍. ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയ്, ഷമിം ഹുസൈന്, റാക്കിബുള്‍ ഹസന് എന്നിവരാണ് ഐസിസി നടപടിക്കു വിധേയരായത്. ഇവര്‍ക്കു നാലു മുതല്‍ 10 വരെ മത്സരങ്ങളില്‍നിന്ന് വിലക്കു ലഭിക്കും.