ഐസിഫോസിന് മലയാള ഭാഷാ പ്രതിഭാ പുരസ്‌കാരം

195

തിരുവനന്തപുരം : മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിലെ മികവിനായി മലയാളം മിഷൻ ഏർപ്പെടുത്തിയ മലയാള ഭാഷാ പ്രതിഭാ പുരസ്‌കാരത്തിന് ഐസിഫോസിനെ (കഇഎഛട) തെരഞ്ഞെടുത്തു.
50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ ഐ.ടി മിഷന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐസിഫോസ്.

മാതൃഭാഷാ സാങ്കേതിക വിദ്യാരംഗത്ത് പ്രഖ്യാപിക്കുന്ന പ്രഥമ പുരസ്‌കാരമാണ് മലയാള ഭാഷാ പ്രതിഭാ പുര സ്‌കാരം. സാങ്കേിതക വിദ്യ ഉപയോഗിച്ചുള്ള പരിഭാഷ, യൂണിക്കോഡ് അംഗീകൃത ഫോണ്ട് രൂപീകരണം, ഭാഷാ പ്രചാരണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോഗം, സാമൂഹ്യമാധ്യമങ്ങളിലെ മലയാള ഭാഷാ വിനിയോഗത്തെ അനായാസമാക്കുന്നതിലുള്ള മികവ്, മലയാളത്തനിമയുള്ള ഫോണ്ടുകളുടെ രൂപീകരണം എന്നിവയ്ക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം.

ഭാഷാ കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയുടെ കുത്തകവത്കരണത്തെ പ്രതിരോധിക്കുംവിധത്തിൽ സ്വതന്ത്ര സോഫ്ട്വെയർ സംരംഭത്തെ ഏകോപിപ്പിക്കുക, സർക്കാർ ജീവനക്കാർക്ക് ഭാഷാ കമ്പ്യൂട്ടിംഗിൽ സൗജന്യ പരിശീലനം നൽകുക, ഉബുണ്ടു മലയാളം പഠനസഹായി തുടങ്ങിയവ ഐസിഫോസിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: വി. കാർത്തികേയൻ നായർ, സി-ഡിറ്റ് സാങ്കേതിക വിദഗ്ധൻ ബിജു, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ സലിൻ മാങ്കുഴി, സ്റ്റേറ്റ് ഐ.ടി മിഷൻ പ്രതിനിധി അരുൺ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.

NO COMMENTS