കൊച്ചി• സംസ്ഥാനത്തു നിലവില്‍ 2500 4ജി മൊബൈല്‍ ടവറുകളുള്ള ഐഡിയ സെല്ലുലാര്‍ ഇക്കൊല്ലം അത് 4500 ആയി ഉയര്‍ത്തും. അതോടെ 75% ജനവാസ പ്രദേശങ്ങളിലും 4ജി ലഭ്യമാകും.സംസ്ഥാനത്ത് 7200 മൊബൈല്‍ ടവറുകളുള്ള ഐഡിയയ്ക്ക് അവ 4ജിയിലേക്കു പരിവര്‍ത്തനം ചെയ്താല്‍ മതി എന്നതിനാല്‍ പുതുതായി ടവര്‍ വേണ്ടിവരില്ല. കഴിഞ്ഞ ഡിസംബര്‍ അവസാനം സംസ്ഥാനത്തു 4ജി സേവനം ആരംഭിച്ച ഐഡിയ ആറുമാസത്തിനകം എല്ലാ ജില്ലകളിലുമായുള്ള 63 താലൂക്കുകളില്‍ 57 ഇടത്തും (ചെറുതും വലുതുമായ അറുനൂറിലേറെ പട്ടണങ്ങളില്‍) 4ജി എത്തിച്ചിട്ടുണ്ട്. 50% ജനവാസപ്രദേശങ്ങളിലും ഇപ്പോള്‍ 4ജി ലഭ്യമാണ്.
നിലവില്‍ ഐഡിയ വരിക്കാര്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ 40% സ്മാര്‍ട്ഫോണുകളാണ്; അതില്‍ കാല്‍ഭാഗം 4ജി ഫോണുകള്‍. പുതുതായി ഫോണുകള്‍ ഏതാണ്ടു പൂര്‍ണമായും 4ജി ശേഷിയുള്ളതാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ വിനു വര്‍ഗീസ് പറഞ്ഞു. 10 മെഗാഹെട്സ് 4ജി സ്പെക്‌ട്രമാണു കമ്ബനിക്കു കേരളത്തിലുള്ളത്. ഇത്രയും വലിയ അളവില്‍ സ്പെക്‌ട്രം ഒരു സര്‍ക്കിളിലും ആര്‍ക്കുമില്ല. മികച്ച സ്പീഡും വ്യക്തതയും ഉറപ്പാക്കാന്‍ ഇതു സഹായിക്കും.
കേരളത്തില്‍ 86% പ്രദേശങ്ങളിലും 3ജി സേവനമുള്ള കമ്ബനിയുടെ വരിക്കാര്‍ക്കു 4ജി ഇല്ലാത്ത സ്ഥലങ്ങളിലെത്തിയാല്‍ 3ജി ലഭ്യമാകുമെന്നതും പ്രത്യേകതയാണ്. കേരളത്തില്‍ ഒരു കോടിയിലേറെ വരിക്കാരുമായി ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഐഡിയയ്ക്ക് ആകെ മൊബൈല്‍ വരിക്കാരുടെ 35% സ്വന്തമാണ്. വരുമാനം കണക്കിലെടുത്താല്‍ വിപണിവിഹിതം 42% വരും. ബഹുഭൂരിപക്ഷവും പ്രീപെയ്ഡ് വരിക്കാര്‍.