പത്തനംതിട്ട: തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശംവച്ച 20,362 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് നടപടി തുടങ്ങി. അടിയന്തരമായി ഭൂമിയില്‍നിന്നും ഒഴിയണമെന്നുകാട്ടി കമ്പനികള്‍ക്കു സര്‍ക്കാര്‍ നോട്ടീസ് നല്‍കി കഴിഞ്ഞു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണു കന്പനികളുടെ നീക്കം. എന്നാല്‍ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന പൂര്‍ണമായ രേഖകള്‍ കന്പനികളുടെ പക്കല്‍ ഇല്ലെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലായി വിവിധ കന്പനികള്‍ 87,000 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.ഇവയില്‍ പ്രാഥമിക പരിശോധന കഴിഞ്ഞവയ്ക്കാണു നോട്ടീസ് നല്‍കിയത്.
ഇടുക്കി പീരുമേട്, പെരിയാര്‍ വില്ലേജുകളിലായി ഭൂമി കൈവശംവയ്ക്കുന്ന റാം ബഹദൂര്‍ ടാക്കൂര്‍ കന്പനി, പെരുവന്താനം വില്ലേജിലെ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കന്പനി, ഇവരുടെ സഹോദര സ്ഥാപനമായ ഉപ്പുതറ വില്ലേജിലെ പീരുമേട് ടീ കന്പനി, തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ ബ്രൈമൂര്‍ എസ്റ്റേറ്റ്, എന്നിവയ്ക്കാണു നോട്ടീസ് നല്‍കിയത്. ബ്രൈമൂര്‍ എസ്റ്റേറ്റ് (765.06 ഏക്കര്‍), റാം ബഹദൂര്‍ ടാക്കൂര്‍ കന്പനി (9,265.34) ഏക്കര്‍, ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കന്പനി(7,373.67)ഏക്കര്‍, പീരുമേട് ടീ കന്പനി (2,958.09) ഏക്കര്‍ എന്നിങ്ങനെയാണ് അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നത്.സ്പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യമാണു കന്പനികള്‍ക്കു നോട്ടീസ് നല്‍കിയത്. ഭൂമി കൈവശംവയ്ക്കുന്നതിന് ഇവര്‍ സമര്‍പ്പിച്ച ആധാരങ്ങള്‍ പരിശോധിച്ച് അവയൊന്നും നിയമപ്രാബല്യമുള്ളവയല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു ഭൂമി ഒഴിഞ്ഞു നല്‍കണമെന്നു നോട്ടീസ് നല്‍കിയത്. ഇതില്‍ ചില കന്പനികള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനു വ്യാജരേഖ ചമച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കെതിരേ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തു കഴിഞ്ഞു.
പ്രാഥമിക പരിശോധനക്കായി നോട്ടീസ് നല്‍കിയവയുടെ പട്ടികയില്‍ ഹോപ്പ്ലാന്‍റേഷന്‍സ്, കരുണ എസ്റ്റേറ്റ്, കേരളാ എസ്റ്റേറ്റ് എന്നിവയും ഉള്‍പ്പെടുന്നു. സ്വതന്ത്ര്യത്തിനു മുന്പ് ബ്രിട്ടീഷ് കന്പനികളുടെ കൈവശമായിരുന്നതും സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷ് കന്പനികള്‍ ഇന്ത്യന്‍ കന്പനികള്‍ക്ക് കൈമാറിയെന്ന് അവകാശപ്പെടുന്നതുമായ കന്പനികളുടെ ഭൂമിയാണു സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കന്പനി തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലായി കൈവശം വച്ചിരുന്ന 38,170 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ആ ഉത്തരവിനെതിരേ കന്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവച്ചു.കേസില്‍ അന്തിമവിധി പറയുന്നതിനായി ഡിവിഷന്‍ ബെഞ്ചിലേക്ക് കൈമാറിയിരിക്കുകയാണ്.
സജിത്ത് പരമേശ്വരന്‍