ഇടുക്കി: ചെങ്കുളം വൈദ്യുത പദ്ധതിയുടെ സര്‍ജ് ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയ സംഭവത്തില്‍ വൈദ്യുതി വകുപ്പ് ഉന്നതതല അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തുനിന്നെത്തിയ സിവില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുപ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. പാംപ്ലയിലെ ഡാം സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തന്പിയുടേയും ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ സര്‍ജ് ടാങ്കില്‍ പരിശോധന നടത്തി. ചെങ്കുളം പവര്‍ഹൗസിലെ ഉദ്യോഗസ്ഥരുമായി ഇവര്‍ ചര്‍ച്ചനടത്തി. പ്രാഥമിക അന്വേഷണത്തില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമല്ല ഇതെന്നാണു ഉന്നതതല സംഘത്തിന്‍റെ നിഗമനം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് ഇന്നു കൈമാറും.തുടര്‍ന്നു ചോര്‍ച്ച അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. സര്‍ജ് ടാങ്കിലെ ചോര്‍ച്ച വിവാദമായതോടെയാണു ഉന്നതതല സംഘം അന്വേഷണത്തിനെത്തിയത്. ഏകദേശം 30 വര്‍ഷമായി സര്‍ജ് ടാങ്കില്‍ ചോര്‍ച്ച കണ്ടുതുടങ്ങിയിട്ടെന്നു സമീപവാസികള്‍ പറഞ്ഞു. ഇതാണിപ്പോള്‍ വലിയ ചോര്‍ച്ചയായി മാറിയത്. ടാങ്കില്‍ അഞ്ചിടത്തു വലിയ ചോര്‍ച്ചയും പത്തിടങ്ങളില്‍ ചെറിയ ചോര്‍ച്ചയുമാണു കണ്ടെത്തിയത്. പെന്‍സ്റ്റോക്ക് പൈപ്പില്‍ വാല്‍വ് ഹൗസിന് തൊട്ടുമുന്പാണു സര്‍ജ് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. വെള്ളത്തിന്‍റെ സമ്മര്‍ദം കുറയ്ക്കുകയെന്ന ദൗത്യമാണു സര്‍ജ് ടാങ്കിനുള്ളത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നു അധികൃതര്‍ വിശദീകരിക്കുന്പോഴും എന്തുകൊണ്ടാണു ചോര്‍ച്ചയടയ്ക്കാന്‍ ഇത്രയും കാലതാമസം നേരിട്ടതെന്നതിനു വൈദ്യുതി വകുപ്പിനു മറുപടിയില്ല.