തൊടുപുഴ• കേരളത്തിലേക്കു ലഹരിയൊഴുകുന്ന ഇടുക്കിയിലെ ചെക്പോസ്റ്റുകളില്‍ പരിശോധന അട്ടിമറിച്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി പിരിവ്. ലഹരിമാഫിയയയ്ക്കുള്‍പ്പെടെ ഒത്താശചെയ്തു കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈമടക്കായി വാങ്ങുന്നതു 100 മുതല്‍ 5000 രൂപവരെ. ചെക്പോസ്റ്റിന്റെ ചുമതലയുള്ള പ്രിവന്റീവ് ഓഫിസര്‍ ഉള്‍പ്പെടെ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. അതേസമയം, ഇക്കാര്യത്തില്‍ എക്സൈസ് അന്വേഷണം തുടങ്ങി. ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. കുമളി ചെക്പോസ്റ്റിന്റെ ചുമതലയുള്ള എക്സൈസ് പ്രിവന്റീവ് ഓഫിസറുടെ നേതൃത്വത്തിലാണ് പണപ്പിരിവെന്നു ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.തമിഴ്നാട്ടില്‍നിന്നു പച്ചക്കറിയും പാലും കന്നുകാലികളുമായി വരുന്ന ഏതു വാഹനമായാലും ഒപ്പിനൊപ്പം കൈമടക്ക് നിര്‍ബന്ധം. ചെക്പോസ്റ്റിനോടു ചേര്‍ന്നുള്ള എക്സൈസ് ഓഫിസില്‍ വാഹന നമ്ബറും മറ്റു വിശദാംശങ്ങളും രേഖപ്പെടുത്താന്‍ എത്തുമ്ബോഴാണ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റുന്നത്.പണം നല്‍കിയാല്‍ എന്തും സാധിക്കുന്ന ഈ അവസ്ഥ പ്രയോജനപ്പെടുത്തുന്നത് ലഹരിമാഫിയയാണ്. ലാഭത്തിന്റെ ഒരു വിഹിതം എക്സൈ്സ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയാല്‍ എല്ലാം ഭദ്രമായി നടക്കും. ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നതോടെ പച്ചക്കറി ലോറികളിലും ജീപ്പുകളിലും കേരളത്തിലേക്കു കഞ്ചാവ് കടക്കുന്നു. ജില്ലയിലെ മറ്റ് ചെക്പോസ്റ്റുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. അസോസിയേഷന്‍ മുഖേനെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ചെക്പോസ്റ്റുകളില്‍ നിയമനം നേടുന്നവരാണു പരിശോധന അട്ടിമറിക്കുന്നത്. ഇവരുടെ നിയമനത്തിനു പിന്നില്‍ ജില്ലയിലെ ലഹരിമാഫിയയുടെ ശക്തമായ ഇടപെടലുമുണ്ട്.
courtesy : manorama online