ഐഎസ് റിക്രൂട്ട്മെന്റ്; സൂത്രധാരനെ കുറിച്ച്‌ വിവരം ലഭിച്ചു

188

കാസര്‍കോട്: ഐഎസിന്റെ ക്യാമ്ബുകളിലെത്തിയെന്നു കരുതുന്ന 16 പേരില്‍ പാലക്കാട്ടുനിന്നുള്ള കുടുംബവും തൃക്കരിപ്പൂര്‍, പടന്ന മേഖല കേന്ദ്രീകരിച്ചാണ് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതെന്ന് വ്യക്തമായി. ഗര്‍ഭിണിയായ ഭാര്യ, രണ്ടരവയസ്സുള്ള മകള്‍ എന്നിവര്‍ക്കൊപ്പം നാടുവിട്ട അബ്ദുള്‍റഷീദും ഡോ. ഇജാസുമാണ് പാലക്കാട്ട് യാക്കരയിലുള്ള ഈസ, യഹ്യ എന്നിവരെ ഐ.എസ്സിനായി റിക്രൂട്ടുചെയ്തതെന്നാണ് സംശയം. ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹപാഠിയാണ് ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷ. കാസര്‍കോട്ട് പൊയിനാച്ചിയിലെ സെഞ്ചുറി ഡെന്റല്‍ കോളേജില്‍ സഹപാഠികളാണിവര്‍. മതംമാറിയശേഷം പാലക്കാട് യാക്കരയിലെ ഈസയെ വിവാഹംചെയ്യുന്നതിന് ഒത്താശചെയ്തതും അബ്ദുള്‍റഷീദും ഇജാസുമാണ്. ക്രിസ്തുമതത്തില്‍നിന്നുമാറിയ സോണിയയാണ് ആയിഷയെന്ന പേരില്‍ അബ്ദുള്‍റഷീദിന്റെ ഭാര്യയായത്. ഈസയും സഹോദരന്‍ യഹ്യയും ക്രിസ്തുമതത്തില്‍നിന്ന് ഒരുവര്‍ഷംമുമ്ബാണ് പരിവര്‍ത്തനംചെയ്തത്. യഹ്യ വിവാഹംചെയ്തത് ക്രിസ്തുമതത്തില്‍നിന്ന് മാറിയെത്തിയ മറിയം എന്ന മെറിനെയാണ്. കൂടുതല്‍പേര്‍ വിദേശത്തു കടന്നിട്ടുണ്ടാവാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. തൃക്കരിപ്പൂര്‍മേഖലയില്‍ തീവ്രവാദഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ഏതാനും മാസംമുമ്ബ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുനല്കിയെങ്കിലും കൂടുതല്‍ അന്വേഷണമോ തുടര്‍നടപടികളോ ഉണ്ടായില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിമിഷയുടെ വിവാഹത്തിനുശേഷം സംശയംപ്രകടിപ്പിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടും തുടരന്വേഷണമുണ്ടായില്ല. അതിനിടെ ഇജാസ് തിരുവള്ളൂരിലെത്തിയത് രണ്ടുവര്‍ഷംമുമ്ബാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഐ.എസ്സില്‍ ചേര്‍ന്നതായി സംശയിക്കുന്ന ഇജാസ് രണ്ടുവര്‍ഷം മുമ്ബാണ് തിരുവള്ളൂരിലെ മെഡിക്കല്‍ സെന്ററിലെത്തിയത്. ഇടക്കാലത്ത് ഇവിടെ ഇല്ലായിരുന്നുവെങ്കിലും വീണ്ടും എത്തി. ഒന്നരമാസം മുമ്ബാണ് ഇയാള്‍ ഇവിടെനിന്നുപോയതെന്ന് സ്ഥാപനയുടമ പോലീസിന് മൊഴിനല്‍കി. പുറത്തേക്കുപോകേണ്ടതിനാല്‍ രണ്ടുമാസം അവധിവേണമെന്നാണ് ആവശ്യപ്പെട്ടത്. സൗമ്യനായി പെരുമാറിയിരുന്ന ഡോക്ടറെക്കുറിച്ച്‌ സ്ഥാപനയുടമ ഉള്‍പ്പെടെ നേരിട്ടറിയാവുന്നവര്‍ക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. പുറമേയുള്ളവരോട് അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം. എങ്കിലും ഇവിടെയാരെങ്കിലുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. മെഡിക്കല്‍ സെന്ററിനുമുകളിലെ മുറിയില്‍ത്തന്നെയായിരുന്നു താമസം. ചിലയിടങ്ങളില്‍ പ്രഭാഷണത്തിനുപോയിരുന്നു. കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ 16 പേര്‍ ഐ.എസ് കേന്ദ്രത്തിലെത്തിയതായ വിവരം കഴിഞ്ഞദിവസമാണ് പുറത്തായത്. ഇതിന് നേതൃത്വം നല്‍കിയതായി പറയപ്പെടുന്നതും ഇജാസിനെയും മറ്റുമാണ്. ഇജാസ് കോഴിക്കോട് ജില്ലയിലെ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്തിരുന്നെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് വടകര തിരുവള്ളൂരിലെ ക്ലിനിക്കാണെന്ന് വ്യക്തമായത്. ഇതിനിടെ വടകര മേഖലയില്‍നിന്ന് ഒരു കുടുംബം സിറിയയിലേക്ക് പോയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇത് ശരിയല്ലെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ നിലപാട്. നേരത്തെതന്നെ ഈ പരാതി ഉയര്‍ന്നിരുന്നു. ബഹ്റൈനിലായിരുന്ന ഈ കുടുംബം സൗദി അറേബ്യയില്‍ പോയെന്നും അവിടെനിന്ന് സിറിയയിലേക്ക് പോയെന്നുമാണ് പ്രചരിച്ചത്. പരാതിയുയര്‍ന്ന ഘട്ടത്തില്‍ത്തന്നെ രഹസ്യാന്വേഷണവിഭാഗം ഇതേക്കുറിച്ച്‌ അന്വേഷിച്ചിരുന്നു. എന്നാല്‍, സൗദി അറേബ്യയില്‍ത്തന്നെ ഇവരുണ്ടെന്ന വിവരമാണുകിട്ടിയത്. കുടുംബത്തിന്റെ പക്കലും ഇതേ വിവരംതന്നെയാണുള്ളത്.
Dailyhunt

NO COMMENTS

LEAVE A REPLY