ആലപ്പുഴ : ഇടതുപാളയത്തിലേക്ക് നീങ്ങാൻ കേരള കോൺഗ്രസ് ജോസ് പക്ഷം നീക്കം തുടങ്ങി. എൽ.ഡി.എഫിലേക്ക് പോകുന്നതും സി.പി.എം നിലപാടും ചർച്ച ചെയ്യുമെന്ന് ജോസ് കെ.മാണി പക്ഷത്തെ നേതാക്കൾ അറിയിച്ചു.
കേരള കോൺഗ്രസ് അധികാരത്തർക്കവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജൂലൈ ഏഴിന് വരാനിരിക്കുകയാണ്. ചിഹ്നം ആരുടേത്, ഔദ്യോഗിക പാർട്ടി ഏത് വിഭാഗത്തിന്റേത് എന്നീ വിഷയത്തിലെ കമ്മീഷൻ തീരുമാനമാണ് ചൊവ്വാഴ്ച വരിക. ഭാവിയിൽ ഏതു മുന്നണിയുടെ ഭാഗമാകണം,
തിരഞ്ഞെടുപ്പ് കമ്മീഷൻ വിധി അനുകൂല മായാലും പ്രതികൂലമായാലും എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്യും.
അതേസമയം, യു.ഡി.എഫിനൊപ്പം തുടരണമെന്ന് അഭിപ്രായപ്പെടുന്ന ഒരു പക്ഷം ജോസ് കെ.മാണി വിഭാഗത്തിലുണ്ട്. ഈ നേതാക്കളെയും പ്രവർത്തകരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി അനുനയിപ്പിക്കുക എന്നത് ഉൾപ്പെടെയുള്ള വെല്ലുവിളിയും ജോസ്.കെ മാണിക്ക് മുന്നിലുണ്ട്.
എൽ.ഡി.എഫ്. മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട നിലപാട് ജോസ് കെ. മാണി വിഭാഗം നിലപാട് വ്യക്തമാക്കിയാൽ അക്കാര്യം ചർച്ച ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ അറിയിച്ചിരുന്നു. തീരുമാനം ഉടൻ വേണമെന്നാണ് ജോസ് കെ.മാണി പക്ഷത്തോട് സി.പി.എം. ആവശ്യപ്പെട്ടിരിക്കുന്നത്.
സിപിഎമ്മിന്റെ ക്ഷണം ചർച്ചചെയ്യാൻ ജോസ് കെ.മാണി വിഭാഗത്തിന്റെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ജൂലൈ എട്ടിന് വിളിച്ചു ചേർത്തിട്ടുണ്ട്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം വൈകരുതെന്ന സി.പി.എം നിർദേശത്തിനു പിന്നാലെയാണിത്.