ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകളിൽ 2024-25 അദ്ധ്യയനവർഷത്തിൽ പതിനൊന്നാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in മുഖേന ഓൺലൈൻ ആയും അതാത് സ്കൂളുകളിൽ നേരിട്ടെത്തി ഓഫ് ലൈൻ ആയും അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ മുഖേന അപേക്ഷകൾ മേയ് 28ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
രജിസ്ട്രേഷൻ ഫീസായ 110 രൂപ (എസ്.സി/ എസ്.റ്റി വിദ്യാർഥികൾക്ക് 55 രൂപ) ഓൺലൈനായി അതാത് സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ ഫീസ് അടച്ചതിന് ശേഷം അതിന്റെ വിശദവിവരം thss.ihrd.ac.in ലെ ലിങ്കിൽ നൽകണം.
ഓഫ് ലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയും അനുബന്ധരേഖകളും രജിസ്ട്രേഷൻ ഫീസും സഹിതം (രജിസ്ട്രേഷൻ ഫീസ് അതാത് പ്രിൻസിപ്പാൾമാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്കൂൾ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) 28ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കണം.