ന്യൂഡല്‍ഹി: ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഇന്ത്യന്‍ ഐഐടികള്‍ക്ക് തിരിച്ചടി. ആദ്യ 150 സ്ഥാനങ്ങളില്‍ ഒന്നു പോലും നേടാന്‍ ഇന്ത്യന്‍ ഐഐടികള്‍കള്‍ക്കായില്ല. കഴിഞ്ഞ വര്‍ഷം മികച്ച 1000 യൂണിവേഴ്സിറ്റികളില്‍ സ്ഥാനം പിടിച്ചിരുന്ന പത്തില്‍ ഒമ്ബത് ഇന്ത്യന്‍ സ്ഥാപനങ്ങളും ഇത്തവണ പുറന്തള്ളപ്പെട്ടുവെന്നതും ഇന്ത്യയ്ക്ക് നഷ്ടക്കണക്കായി.അതേസമയം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് ആദ്യ 150ല്‍ സ്ഥാനം നേടാനായില്ലെങ്കിലും ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച മികച്ച സ്ഥാപനമാവാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് സ്ഥാനം ഉയര്‍ന്ന് മദ്രാസ് ഐഐടി, ആദ്യ 250 സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടിയത് മാത്രമാണ് ഇന്ത്യയ്ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്.
ചൊവാഴ്ച പുറത്തിറക്കിയ പുതിയ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും നാല് സ്ഥാപനങ്ങള്‍ മാത്രമാണ് ആദ്യ 100 സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങള്‍ മികച്ച 100 സ്ഥാപനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തവണ, ഐഐടി മദ്രാസ് എട്ട് സ്ഥാനങ്ങള്‍ താഴ്ന്ന് 101 ആം റാങ്കിലേക്ക് പതിച്ചു. പതിനൊന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് ഇന്ത്യയില്‍ നിന്നും മികച്ച ഗവേഷണ സ്ഥാപനമെന്നും പട്ടികയില്‍ പറയുന്നു.
പിഎച്ച്‌ഡി യോഗ്യതയുള്ള ഗവേഷകരുടെ അഭാവവും വിദേശങ്ങളില്‍ നിന്നും പിഎച്ച്‌ഡി യോഗ്യതയുള്ള ഗവേഷകര്‍ ഇന്ത്യയിലേക്ക് എത്താന്‍ വിമുഖത കാണിക്കുന്നതുമാണ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ നിലവാരം കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.റാങ്കിങ്ങില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അമേരിക്കയിലെ മസാച്യുസെറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.