സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രിൽ നാല് മുതൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ എൽ ജി എം എസ്) സേവനം ഉറപ്പുവരുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾക്കായി ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഐ എൽ ജി എം എസ് സംവിധാനം ഏറെ ഉപകാരപ്പെടും. ഇതിന്റെ വേഗത സംബന്ധിച്ച് ചില ഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതികൾ പരിഹരിച്ചു. സമയബന്ധിതമായി എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്ന നിലയിലാണ് പഞ്ചായത്തുകളിൽ സോഫ്റ്റ്വെയർ സേവനം ഇപ്പോൾ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
2020 സപ്തംബറിൽ 154 പഞ്ചായത്തുകളിലും 2021 സപ്തംബറിൽ 155 പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോൾ ഐ എൽ ജി എം എസ് സജ്ജമാക്കുന്നത്. ഐ എൽ ജി എം എസിന്റെ പ്രവർത്തനത്തിൽ പീക്ക് സമയങ്ങളിൽ വേഗത കുറവുണ്ടാകുന്നത് സെന്റർ സർവ്വറിന്റെ പോരായ്മ നിമിത്ത മായിരുന്നു. ഇത് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സർവ്വീസ് സേവനം ഉപയോഗപ്പെടുത്താൻ തീരുമാനി ക്കുകയും ഏപ്രിൽ 1, 2 തിയ്യതികളിൽ നടത്തിയ സാങ്കേതികമായ കൂട്ടിചേർക്കലോടെ ഐ എൽ ജി എം എസിന്റെ സേവനം ക്ലൗഡ് സർവ്വീസിന്റെ വേഗതയോടെ ലഭ്യമാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഐ എൽ ജി എം എസ് കൂടാതെ മൊബൈൽ ആപ്പുകൾ വഴി മിക്കവാറും സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ആലോചിക്കുന്നു ണ്ടെന്നും രണ്ടാംഘട്ട ഓൺലൈൻസേവന വികസനത്തിന്റെ ഭാഗമായി ഇത്തരം സേവനങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.