തിരുവനന്തപുരം : നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ കേരളത്തിലേക്കും തിരിച്ചും അനധികൃതമായി കടക്കുന്നത് തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടന്നുകയറ്റം പൂർണമായും തടയുന്നതിന് കർശന നടപടികൾ സ്വീകരിച്ചു. ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തരം വാഹനങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. കണ്ടെയ്‌നർ ലോറികളും അടച്ചുപ്പൂട്ടിയ വാഹനങ്ങളും മുഴുവനായി തുറന്നുപരിശോധിച്ച് യാത്രക്കാർ അകത്തില്ലെന്നു ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഊടുവഴികളിലൂടെ ജനങ്ങൾ അതിർത്തി കടക്കുന്നില്ലെന്നു ഉറപ്പുവരുത്താൻ അതിർത്തികളോട് ചേർന്ന പൊലീസ് സ്റ്റേഷനുകളുടെ കീഴിൽ ബൈക്ക് പട്രോൾ സംവിധാനം ഊർജിതമാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെയും എസ്‌ഐമാരുടെയും നേതൃത്വത്തിൽ 24 മണിക്കൂറും മൊബൈൽ പട്രോൾ സംഘവുമുണ്ടാകും. അതിർത്തി പങ്കിടുന്ന പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും പരിശോധന ഉറപ്പാക്കുന്നതിന് ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അവിടങ്ങളിൽ നിശ്ചിത പ്രവേശന കവാടങ്ങൾ മാത്രം അനുവദിക്കും. അനധികൃതമായി കടന്നുവരുന്നവർക്ക് കർശനമായ നിയമനടപടി നേരിടേണ്ടിവരും. അതിർത്തിയിൽ പ്രദേശവാസികളല്ലാതെ ആളുകൾ തമ്പടിക്കുന്നത് ഒഴിവാക്കണം.
ചില ജില്ലകളിൽ വാഹനഗതാഗതം വലിയതോതിൽ ഉണ്ടാകുന്നത് ഒഴിവാക്കണം. തുറക്കുന്ന കടകളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടരുത്. ഇത് രണ്ടും ശക്തമായി തടയും.ഐഡി കാർഡുകളുള്ള സന്നദ്ധ പ്രവർത്തകർ സർക്കാർവിരുദ്ധ സമരത്തിൽ പങ്കെടുത്തതായി ഒരിടത്തുനിന്ന് വാർത്ത വന്നു. ഈ ഘട്ടത്തിൽ അങ്ങനെ ചെയ്യുന്നത് അയോഗ്യതയ്ക്ക് കാരണമാകും.
മുംബൈ ജസ്‌ലോക് ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച 27 സ്റ്റാഫ് നഴ്‌സുമാർക്ക് അടിസ്ഥാന സൗകര്യവും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് പാർപ്പിച്ചിട്ടുള്ളത് എന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മഹാരാഷ്ട്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
ചിലയിടങ്ങളിൽ വേനൽ മഴയെത്തുടർന്ന് പകർച്ചപ്പനികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും അടിയന്തരമായി നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.