കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളർത്തുന്നതിന് പ്രാധാന്യം നൽകണമെന്നും ബന്ധപ്പെട്ട എല്ലാവരും ഒന്നിച്ച് പരിശ്രമിച്ചാൽ കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസം വിജയിപ്പിക്കാനാകുമെന്നും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. യുനിസെഫിന്റെ സഹകരണത്തോടെ വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന, ‘ഡീ-ഇൻസ്റ്റിറ്റ്യൂഷനലൈസേഷൻ ആൻഡ് ഫാമിലി ബേസ്ഡ് ഓൾട്ടർനേറ്റീവ് കെയർ’, എന്ന വിഷയത്തിൽ ദ്വിദിന ശിൽപ്പശാല ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കുട്ടികളുടെ ക്ഷേമം മുൻനിർത്തി സർക്കാർ നടപ്പാക്കിയ പേരന്റിംഗ് ക്ലിനിക്, കാവൽ, കാവൽ-പ്ലസ്, വിജ്ഞാനദീപ്തി എന്നീ പദ്ധതികൾ വലിയ ശ്രദ്ധയാകർ ഷിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യയിൽ ശിശുക്ഷേമ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്ന് ചടങ്ങിൽ സംസാരിച്ച യുനിസെഫ് ഇന്ത്യയുടെ ശിശുസംരക്ഷണ വിഭാഗം മേധാവി സൊളേഡഡ് ഹെരേരോ ചൂണ്ടിക്കാട്ടി. കുട്ടികളെ സ്ഥാപനങ്ങൾക്കുള്ളിൽ തളച്ചിട്ട് വളർത്തുന്ന തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്ന് വിവിധ സർവ്വേ ഫലങ്ങൾ ഉദ്ധരിച്ച് അവർ അഭിപ്രായപ്പെട്ടു.
സ്വന്തം കുടുംബാന്തരീക്ഷത്തിലോ ദത്തോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ലഭ്യമാകുന്ന സ്‌നേഹസമ്പന്നമായ കുടുംബത്തിലോ ആകണം കുട്ടികൾ വളരേണ്ടത്.
ശിൽപ്പശാലയിൽ തമിഴ്‌നാട്, ഒഡീഷ, മധ്യപ്രദേശ്, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. യുനിസെഫ് ഇന്ത്യ സോഷ്യൽ പോളിസി മേധാവി ഹ്യൂൻ ഹി ബാൻ, സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.വി മനോജ് കുമാർ, വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പ്രിയങ്ക ജി എന്നിവർ സംസാരിച്ചു.