ഇസ്ലാമാബാദ്• കശ്മീര്‍ വിഷയത്തില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ നിലപാടു സ്വീകരിച്ച ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെതിരെ രാഷ്ട്രീയ നേതാക്കള്‍. ഇന്ത്യയ്ക്കെതിരായ പാക്ക് ഐക്യം ഇമ്രാന്‍ തകര്‍ക്കുകയാണെന്ന് പാക്ക് മാധ്യമങ്ങളും ആരോപിച്ചു. പുറത്തുവന്ന പാനമ രേഖകളിലെ അന്വേഷണത്തില്‍നിന്നു ശ്രദ്ധതിരിക്കുന്നതിനാണ് ഷെരീഫ്, കശ്മീര്‍ വിഷയം ഉയര്‍ത്തുന്നതെന്നാണ് ഇമ്രാന്‍ ആരോപിച്ചിരുന്നത്. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ഇമ്രാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയിരുന്നു.പാക്കിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള ഇന്ത്യയുടെ ഭീഷണിയും കശ്മീര്‍ ജനതയ്ക്കുള്ള ഇസ്‍ലാമാബാദിന്റെ പിന്തുണയും ചര്‍ച്ച ചെയ്യുന്നതിനുവേണ്ടിയുള്ള പാര്‍ലമെന്റ് സമ്മേളനത്തില്‍നിന്നാണ് പിടിഐ ഇറങ്ങിപ്പോയത്.