ഇസ്‌ലാമാബാദ് : കശ്മീര്‍ പ്രശ്‌നം യുദ്ധത്തിലൂടെയല്ല, ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. പ്രശ്‌ന പരിഹാരത്തിന് രണ്ടു മൂന്ന് വഴികളുണ്ട്. അവ മുന്നോട്ടു വെക്കണമെങ്കില്‍ ഉഭയകക്ഷി കൂടിക്കാഴ്ച ആവശ്യമാണെന്നും ഇമ്രാന്‍ പറഞ്ഞു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്ന് മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുന്‍ വിദേശ വകുപ്പു മന്ത്രി നട്‌വര്‍ സിംഗും ഒരു സമ്മേളനത്തിനിടെ പറഞ്ഞിരുന്നതായി ഇമ്രാന്‍ അവകാശപ്പെട്ടു. കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടെന്നും അതിന് ഇരു രാഷ്ട്രങ്ങള്‍ക്കും താത്പര്യമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.
ഇന്ത്യയുമായി യുദ്ധത്തിനുള്ള ഏതെങ്കിലും സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരിക്കലുമൊരു യുദ്ധമുണ്ടാകില്ല. എല്ലാ അയല്‍ രാഷ്ട്രങ്ങളുമായും സമാധാനപരമായ സഹവര്‍ത്തിത്വം സ്ഥാപിക്കാനാണ് പാക്കിസ്ഥാന് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.