ഇസ്ലാമാബാദ്• പാക്കിസ്ഥാനെ അകത്തുനിന്നു തകര്‍ക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍. മാത്രമല്ല, പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ അപകട സാധ്യതയില്‍ കൊണ്ടു നിര്‍ത്തിയിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ക്വറ്റയില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയ പൊലീസ് പരിശീലന കേന്ദ്രം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി വീട്ടില്‍വച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഖാന്‍. സൈനികപരമായി പാക്കിസ്ഥാനെ തകര്‍ക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. അതിനാല്‍ പാക്കിസ്ഥാനെ തകര്‍ക്കാന്‍ മറ്റുവഴികള്‍ ഇന്ത്യ നടപ്പാക്കുകയാണെന്നും ഇതിനായി പുതിയ സിദ്ധാന്തം ആവിഷ്കരിച്ചിട്ടുണ്ടെന്നും ഖാന്‍ പറഞ്ഞു. മാറ്റങ്ങളൊന്നുമില്ലാതെ പാക്കിസ്ഥാനെ നാശത്തിലേക്കു തള്ളിയിടാനാണ് ഇന്ത്യയുടെ ശ്രമം. ആഭ്യന്തരമായി ഒരു രാഷ്ട്രീയ മാറ്റം രാജ്യത്തു വരുന്നതില്‍ ഇന്ത്യയ്ക്കു താല്‍പര്യമില്ല. അതേസമയം, പാനമ രേഖകള്‍ ചോര്‍ന്നതിലൂടെ തന്റെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനുള്ള കാര്യങ്ങളിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ശ്രദ്ധയെന്നും ഖാന്‍ ആരോപിക്കുന്നു. അഴിമതിയും തീവ്രവാദവും ഒന്നിനൊന്നു ചേര്‍ന്നാണ് പാക്കിസ്ഥാനില്‍ നടക്കുന്നത്. രാജ്യത്തെ അപകട സാധ്യതയില്‍ നിര്‍ത്തിയിരിക്കുകയാണ് ഷെരീഫെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.