ഇസ്‍ലാമാബാദ് • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജന്‍ഡയാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്തുടരുന്നതെന്ന് പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍. മോദിയുടെ താല്‍പര്യങ്ങള്‍ക്ക് നേട്ടമുണ്ടാകുന്ന വിധത്തിലാണ് ഷെരീഫിന്റെ പ്രവര്‍ത്തനം. ഇരുവരുടെയും അജന്‍ഡകള്‍ ഒരുപോലെയാണെന്നും ഇമ്രാന്‍ പറഞ്ഞു. ലണ്ടനില്‍ നവാസ് ഷെരീഫ് ചികില്‍സയ്ക്കായി പോയപ്പോള്‍ ആശുപത്രിയില്‍ നിന്നും ആദ്യം വിളിച്ചത് മോദിയെയായിരുന്നു. സ്വന്തം അമ്മയെയോ കുട്ടികളെയോ വിളിക്കാതെയാണ് മോദിയെ അദ്ദേഹം വിളിച്ചതെന്നും ഇമ്രാന്‍ ആരോപിച്ചു. കഴിഞ്ഞ മേയില്‍ ലണ്ടനില്‍ ഹൃദയ ശസ്ത്രക്രിയക്ക് നവാസ് ഷെരീഫ് വിധേയനായതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാന്‍റെ പരാമര്‍ശം. പാക്ക് സര്‍ക്കാരും സൈന്യവും തമ്മില്‍ ഇടയുന്നതായുള്ള വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കാന്‍ നിര്‍ദേശിച്ചത് ഷെരീഫാണെന്നും ഇമ്രാന്‍ ആരോപിച്ചു. അഴിമതിക്കാരനായ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ഭരണസംവിധാനത്തെ ഉപയോഗിക്കുകയാണ്. അഴിമതിക്കാരനെന്നു സംശയിക്കുന്ന ഒരാളെ പാക്ക് പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.