ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ മറ്റു രാജ്യങ്ങള്‍ ഭാവിയില്‍ നടത്തുന്ന യുദ്ധങ്ങളില്‍ ഇനി പങ്കാളിയാവില്ലെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റാവല്‍പിണ്ടിയില്‍ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന്‍ ഖാന്‍ നിലപാടു വ്യക്തമാക്കിയത്. തുടക്കം മുതലെ താന്‍ യുദ്ധങ്ങള്‍ക്ക് എതിരായിരുന്നുവെന്നും, രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണ് തന്റെ വിദേശ നയമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അയല്‍രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ഇമ്രാന്‍ ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങള്‍ക്കനുസരിച്ചുള്ള കശ്മീര്‍ പ്രശ്‌ന പരിഹാരം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നും പറഞ്ഞു. കശ്മീരില്‍ ഇന്ത്യ നടത്തുന്നതായി പറയപ്പെടുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണമെന്ന ആവശ്യവും പാക്ക് പ്രധാനമന്ത്രി മുന്നോട്ടുവച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടം സമ്മാനിച്ച യാതനകളെയും നാശങ്ങളെയും കുറിച്ചു സംസാരിക്കുമ്ബോഴാണു ഇമ്രാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ സൈന്യത്തെപ്പോലെ പോരാട്ടം നടത്തിയ മറ്റൊരു സേന ലോകത്തില്ല. എല്ലാതരം ഭീഷണികളെയും മറികടന്നു പാക്കിസ്ഥാനെ സുരക്ഷിതമാക്കാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും വഹിക്കുന്ന പങ്കു സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.