വിതുര: പോക്സോ കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി ന്റെ (46) പേരില്‍ വിതുര പൊലീസ് മാനഭംഗക്കേസ് ചുമത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് മാനഭംഗക്കേസ് ചുമത്തിയത്. ഇമാം തന്നെ പീഡിപ്പിച്ചതായി ഡോക്ടറോടും ചൈല്‍ഡ് ലൈന്‍ വനിതാ സി.ഐയോടും പെണ്‍കുട്ടി ഇന്നലെ രഹസ്യ മൊഴിയില്‍ വ്യക്തമാക്കി.
വൈദ്യപരിശോധന വേളയിലായിരുന്നു പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍. തുടര്‍ന്ന് വനിതാ മജിസ്‌ട്രേട്ടിനു മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാനുള്ള സാദ്ധ്യത ഇതോടെ അടഞ്ഞു. ഇന്നോ നാളെയോ ഇയാള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങാന്‍ സാദ്ധ്യതയുണ്ട്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നും കീഴടങ്ങുന്നതാണ് അഭികാമ്യമെന്നും വക്കീല്‍ നിയമോപദേശം നല്‍കിയതായാണ് അറിയുന്നത്.
സ്കൂളില്‍ പോയ തന്നെ ഇമാം നിര്‍ബന്ധിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന വിതുര പഞ്ചായത്തിലെ പേപ്പാറ പട്ടംകുളിച്ചപാറ മേഖലയില്‍ ഇന്നലെ പെണ്‍കുട്ടിയെ എത്തിച്ച് തെളിവെടുത്തു. സംഭവം ആദ്യമായി കണ്ട സ്ത്രീകളില്‍ നിന്നും മൊഴിയെടുത്തു. സ്ത്രീകള്‍ ഇമാമിന്റെ കാര്‍ തടയുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ ഇവര്‍ പൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ ഉമ്മയും ബന്ധുക്കളും ഇന്നലെ രാത്രിയോടെ എത്തി മൊഴി നല്‍കി.
പള്ളിയില്‍ നിന്നു പുറത്താക്കിയെങ്കിലും രണ്ടു ദിവസം മുമ്ബ് ഷെഫീഖ് അല്‍ഖാസിമി തൊളിക്കോട്ട് വന്നുപോയതായി അറിയുന്നു.പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. ഷാഡോ പൊലീസടക്കം രണ്ടു ടീമുകള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. അഭിഭാഷകനെ കാണാനെത്തിയ പ്രതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.