പ്രൊവിഡന്‍സ്: ദീപക് ചഹാറിന്റെ ബൗളിംഗ് മികവില്‍ ട്വന്റി 20 പരന്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെ 146-ല്‍ ഒതുക്കി. കീറോണ്‍ പൊള്ളാര്‍ഡിന്റെ ഒറ്റയാള്‍ പ്രകടനമാണ് വിന്‍ഡീസിനു തരക്കേടില്ലാത്ത സ്കോര്‍ നല്‍കിയത്. ദീപക് ചഹാര്‍ മൂന്നോവറില്‍ നാലു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.
ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. യുവതാരം രാഹുല്‍ ചഹാര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. ജഡേജക്ക് പകരമാണ് ചഹര്‍ ഇറങ്ങിയത്. രോഹിത് ശര്‍മക്ക് പകരം കെ.എല്‍. രാഹുലും ഖലീല്‍ അഹമ്മദിനു ദീപക് ചഹാറും ടീമിലെത്തി.
ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനം അക്ഷരം പ്രതി ശരിവച്ച ചാഹര്‍ 14 റണ്‍സിനിടെ മൂന്നു മുന്‍നിര വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ മടക്കി. ലെവിസ് (10), നരേന് (2), ഹെറ്റ്മയര്‍ (1) എന്നിങ്ങനെയായിരുന്നു മുന്‍നിരക്കാരുടെ സ്കോര്‍.
തുടര്‍ന്നെത്തിയ പൊള്ളാര്‍ഡ് നിക്കോളാസ് പൂരന് (17), പവല്‍ എന്നിവര്‍ക്കൊപ്പം വിന്‍ഡീസിനെ 100 കടത്തി. 45 പന്തില്‍നിന്ന് 58 റണ്‍സ് നേടിയ പൊള്ളാര്‍ഡിനെ സെയ്നിയാണു മടക്കിയത്. പവല്‍ 20 പന്തില്‍നിന്ന് 32 റണ്‍സുമായി പുറത്താകാതെനിന്നു. ഇന്ത്യക്കായി സെയ്നി രണ്ടും അരങ്ങേറ്റക്കാരന്‍ രാഹുല്‍ ചഹാര്‍ ഒന്നും വിക്കറ്റ് നേടി. ചഹാറിന് കോഹ്ലി നാലോവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയില്ല.
മൂന്നു മത്സരങ്ങളുള്ള പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരന്പര സ്വന്തമാക്കിയിരുന്നു. വൈറ്റ് വാഷ് ഒഴിവാക്കാനാണ് വെസ്റ്റ്ഇന്‍ഡീസ് ഇറങ്ങുന്നത്.