ചേലക്കര : ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തേരോട്ടം. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെയും എൽഡിഎഫിനെയും ചേലക്കരയിലെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീ കരിക്കുന്ന കാഴ്ചക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര 1965ലാണ് രൂപീകൃതമായത്. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. തെരഞ്ഞെടുപ്പിൽ 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത് കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട് ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.